-omar-abdullah

ശ്രീനഗർ: കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370,​35 എ വകുപ്പുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കാശ്‌മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. കാശ്മീരിലെ മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും കരുതൽതടങ്കലിൽ കഴിയുകയാണ്. ഇന്നേക്ക് 12 ദിവസമായി അവർ കരുതൽതടങ്കലിൽ തന്നെ. കാശ്മീരിൽ സാധാരണ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിവരികയാണെങ്കിലും പ്രമുഖ നേതാക്കളെയെല്ലാം വിവിധ ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. എന്നാൽ,​ വീട്ടുതടങ്കലിലും കരുതൽ തടങ്കലിലുമായ ഈ നേതാക്കൾ തങ്ങളുടെ സമയങ്ങൾ എങ്ങനെയാണ് ചെലവഴിക്കുക?​

മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും പി.ഡി.പി നേതാവുകൂടിയായ മെഹബൂബ മുഫ്തിയും തങ്ങളുടെ സമയം ചെലവഴിച്ചത് ഇങ്ങനെയാണ്. ഇരു നേതാക്കളും വീഡിയോ ഗെയിമിലും പുസ്തകവായനയിലും പ്രാർത്ഥനയിലും മുഴുകി. ആദ്യം ഇരുവരെയും താമസിപ്പിച്ചിരുന്നത് ഹരി നിവാസ് പാലസിലായിരുന്നു. പിന്നീട് ആഗസ്റ്റ് അഞ്ചിന് 370 വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് ഇരുവരെയും മാറ്റി താമസിപ്പിക്കുകയായിരുന്നു. ഒമർ വീഡിയോ ഗെയിമിലും മെഹബൂബ പുസ്തകവായനയിലും പ്രാർത്ഥനയിലുമായി സമയം ചെലവഴിക്കുകയാണ്.

-omar-abdullah

സോഷ്യൽമീഡിയിയൽ ഒരുലക്ഷത്തോളം ഫോളോവേഴ്സാണ് ഒമറിനുള്ളത്. അവസാനമായി തങ്ങളെ വീട്ടുതടങ്കലിലാക്കുന്നത് സംബന്ധിച്ച വാർത്തയാണ് ഒമർ ട്വിറ്ററിൽ പങ്കുവച്ചത്. ഇപ്പോൾ ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള സർക്കാർ ഗസ്റ്റ് ഹൗസിലാണ് ഒമർ കഴിയുന്നത്. അദ്ദേഹം വീഡിയോ ഗെയിമിനായി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ,​ മിക്ക വീഡിയോ ഗെയിമുകൾക്കും ഇന്റർനെറ്റ് ആവശ്യമായതിനാൽ അധികൃതർ ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് ഇന്റർനെറ്റ് സംവിധാനമില്ലാത്ത ഗെയിമുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഒമർ ഇത് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം,​ പുസ്തക വായനയിൽ മുഴുകിയിരിക്കുകയാണ് പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. കാശ്മീർ ടൂറിസം വകുപ്പിന് കീഴിലുള്ള ചഷ്മെ ഷഹിയിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബയെ പാർപ്പിച്ചിരിക്കുന്നത്. മുഗൾ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്. നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസ് പാലസിലായിരുന്നു ഇരു നേതാക്കളെയും പാർപ്പിച്ചിരുന്നത്.

-omar-abdullah

എന്നാൽ,​ ചില തർക്കങ്ങളെ തുടർന്നാണ് രണ്ട് പേരെയും രണ്ട് സ്ഥലത്താക്കിയത്. ഹരി നിവാസിൽ തന്നെ തുടരാൻ ഒമർ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് മെഹബൂബയെ ചഷ്മെ ഷഹിയിലേക്ക് മാറ്റിയത്. നാഷണൽ കോൺഫറൻസ് ചെയർമാൻ ഫറൂഖ് അബ്ദുള്ളയും വീട്ടു തടങ്കലിൽ തന്നെയാണ്.

ഗുപ്കർ റോഡിലുള്ള വീട്ടിൽ കനത്ത സുരക്ഷയിലാണ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഫറൂഖ് കഴിയുന്നത്. എൻ.സി.പി,​ പി.ഡി.പി എന്നീ പാർട്ടികളുടെ നേതാക്കളെല്ലാം ദാൽ തടാകത്തിന്റെ തീരത്തുള്ള സെന്റർ ലേക് വ്യൂ ഹോട്ടലിലെ പ്രത്യേക മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. ആകെ എഴുന്നൂറിലധികം നേതാക്കളെയാണ് ഇങ്ങനെ മാറ്റിപാർപ്പിച്ചിരിക്കുന്നത്.