gold

കൊച്ചി : വാണിജ്യം പേജിൽ നിന്നും പ്രൊമോഷൻ നേടി സ്വർണവിലയെ സംബന്ധിക്കുന്ന വാർത്തകൾ പത്രത്തിന്റെ ഒന്നാം പേജിൽ ഇടം പിടിച്ചിട്ട് നാളുകൾ കുറച്ചായി. ചിങ്ങമാസം മലയാളികൾക്ക് കല്യാണമാസമാണ്. ആഡംബര വിവാഹങ്ങളുടെ മാറ്റ് നിർണയിക്കുന്നത് വധുവിനെ അണിയിച്ചൊരുക്കുന്ന ആഭരണങ്ങളിലൂടെയാണെന്ന ചിന്തയുള്ളിടത്തോളം മലയാളിക്ക് സ്വർണത്തെ വിട്ടൊരു കളിയുണ്ടാവില്ല . അവിടെ പവൻ കണക്കുകളിൽ കണ്ണ്വയ്ക്കുന്നവർ സ്വർണ വില കൂടുന്നതും കുറയുന്നതും കാര്യമാക്കില്ല. അതേ സമയം മറ്റൊരു കൂട്ടർ സന്തോഷത്തിലാണ്. സ്വർണത്തിൽ നിക്ഷേപിച്ച് സമ്പത്ത്കാലത്ത് സ്വർണം വാങ്ങി ലോക്കറിൽ സൂക്ഷിക്കുന്നവരും ഏറെയാണ്. ഇവർക്ക് കൂടുതൽ സന്തോഷിക്കാനാവുന്ന വാർത്തയാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്.

gold

സ്വർണം എത്രവരെ വില കൂടും ?

ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില അടുത്തൊന്നും താഴോട്ടേക്ക് വരില്ലെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധർ. ഈ വർഷം മുഴുവൻ സ്വർണവില ഇപ്രകാരം മുകളിലോട്ട് പോകുമെന്ന കണക്കുകൂട്ടലിലാണ് അവർ. സ്വർണവില ഒരു പവന് 35000ത്തിൽ തൊട്ടാലും അദ്ഭുതപ്പെടാനില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. പവന് 28000 കടന്നപ്പോൾ തന്നെ ഒരു പവൻ ആഭരണമായി വാങ്ങണമെങ്കിൽ 31000 വില നൽകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

us-china

സ്വർണവില കയറ്റുന്നത് അമേരിക്കയും ചൈനയും

ആഗോള തലത്തിൽ സ്വർണത്തിന്റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണക്കാർ അമേരിക്കയും ചൈനയുമാണ്. ഇന്ത്യക്കാരെ പോലെ സ്വർണം ഇറക്കുമതി ചെയ്യുന്നതിൽ മുമ്പിട്ടുനിൽക്കുന്ന രാജ്യമാണ് ചൈന. എന്നാൽ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഉരുണ്ടുകൂടിയിട്ടുള്ള വ്യാപാരയുദ്ധമാണ് ഇപ്പോൾ സ്വർണത്തെ വലിയ താരമാക്കുന്നത്. വ്യാപാരയുദ്ധത്തിന്റെ അനന്തര ഫലമായി ഓഹരി വിപണികളിലടക്കം പ്രകടമാവുന്ന അനിശ്ചിതത്വം സ്വർണത്തിൽ നിക്ഷേപിക്കുവാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. വ്യക്തികൾ എന്ന പോലെ രാജ്യങ്ങളും കേന്ദ്ര ബാങ്കുകളും സ്വർണത്തിൽ നിക്ഷേപിക്കുവാനാണ് ഈ സമയം ഉപയോഗിക്കുന്നത്.

gold

ഇന്ത്യൻ വിപണിയിൽ സംഭവിക്കുന്നത്

ആഗോളവിപണിയിലെ വില കയറ്റിറക്കങ്ങളാണ് സ്വർണവിലയെ കൂടുതലായി സ്വാധീനിക്കുന്നത്. എന്നാൽ ഇന്ത്യയിലെ വിവാഹ സീസണുകൾ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. വില വർദ്ധിക്കുന്ന അവസരത്തിൽ സ്വർണം വിറ്റഴിക്കാനും ആളുകൾ തയ്യാറാവുന്നത് വിപണിയിൽ സ്വർണത്തിന്റെ ഇറക്കുമതിക്ക് തടയിടാനാവാറുണ്ട്. എന്നാൽ ഇനിയും വില വർദ്ധിക്കും എന്ന തോന്നലുണ്ടാവുന്നതിനാൽ പഴയ സ്വർണം വിൽക്കാൻ കുറച്ചുകൂടി കാത്തിരിക്കാം എന്ന് കരുതുന്നവരുണ്ട്. സർക്കാരുകൾ ഏർപ്പെടുത്തുന്ന നികുതിയാണ് ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ കേന്ദ്ര ബജറ്റിലും സ്വർണത്തിന്റെ ഇറക്കുമതി തീരുവ രണ്ടു ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതും മറ്റു നികുതി ഘടനകളും എല്ലാം ചേർന്ന് ആഭ്യന്തര വില വർധന കുത്തനെ വർദ്ധിക്കുവാൻ കാരണമായിരുന്നു. ഈ അവസരം മുതലാക്കി സ്വർണക്കള്ളക്കടത്തുകാരും ഇപ്പോൾ സജീവമായിരിക്കുകയാണ്.