psc

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിൽ മുൻ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് അന്വേഷണം ഒടുവിൽ എത്തിച്ചേർന്നത് പി.എസ്.സി പരീക്ഷ അട്ടിമറിച്ച സംഭവത്തിലാണ്. പരീക്ഷാ ഹാളിൽ നടന്ന തിരിമറിയിലൂടെ പി.എസ്.സിയെ കബളിപ്പിച്ചു എന്ന കണ്ടെത്തലിനപ്പുറം കേസ് അന്വേഷണം നിലച്ചമട്ടിലാണിപ്പോൾ. എന്നാൽ പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പുതിയ സംഭവവും വിവാദമായിരിക്കുകയാണ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്. ഈ പരീക്ഷയിൽ ആകെയുള്ള നൂറ് ചോദ്യങ്ങളിൽ എൺപതെണ്ണവും ഒരു സ്വകാര്യ പ്രാസാധകരിറക്കിയ ഗൈഡിൽ നിന്നും കോപ്പിയടിച്ചതാണെന്നാണ് പുതിയ ആരോപണം. വള്ളി പുള്ളി തെറ്റാതെ ചോദ്യങ്ങൾ ചോദ്യകർത്താവ് ഈ ഗൈഡിൽ നിന്നും പകർത്തുകയായിരുന്നുവത്രെ. തെളിവുകളടക്കം പരാതി നൽകിയെങ്കിലും പി.എസ്.സി ഇതു കണ്ടഭാവം നടിച്ചില്ലെന്നും പരാതിയുണ്ട്.

ഈ വർഷം ജനുവരി 22നായിരുന്നു പി.എസ്.സി പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളിൽ ചിലർക്ക് ഈ ഗൈഡിൽ നിന്നും ചോദ്യമുണ്ടാവുമെന്ന അറിവുണ്ടായിരുന്നതായും ആരോപണമുണ്ട്. ഇതിനുമുൻപും സമാന ആരോപണമുണ്ടായപ്പോൾ പരീക്ഷ വീണ്ടും നടത്തിയ ചരിത്രം പി.എസ്.സിക്കുണ്ട്.