jnu

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിയും ഗായകനുമായ ഹാൻസ് രാജ് ഹാൻസ്. ജെ.എൻ.യു എന്ന പേര് മാറ്റി 'എം.എൻ.യു' എന്നാകണമെന്നാണ് ഹാൻസ് രാജ് ഇന്നലെ ആവശ്യപ്പെട്ടത്. ഒരു പരിപാടിക്കായി സർവകലാശായിൽ എത്തിയതായിരുന്നു വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ നിന്നുമുള്ള ഈ എം.പി. സർവകലാശാലയിൽ എത്തിയ ഹാൻസ് രാജ് കാശ്മീർ വിഷയത്തിൽ നെഹ്‌റു-ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനും മറന്നില്ല.

നമ്മുക്ക് മുൻപേ വന്ന ആൾക്കാർ ചെയ്ത തെറ്റുകളുടെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത് എന്നാണ് ഹാൻസ് രാജ് ജെ.എൻ.യു സർവകലാശാല വിദ്യാർത്ഥികളോട് പറഞ്ഞത്. ജവാഹർലാൽ നെഹ്രുവാണ് ഈ തെറ്റുകൾ ചെയ്തതെന്നും ഹാൻസ് രാജ് പറഞ്ഞു. താൻ ആദ്യമായാണ് ജെ.എൻ.യുവിലേക്ക് വരുന്നതെന്നും താൻ ഈ സർവകലാശാലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മോദിയാണ് ഇപ്പോൾ രാജ്യത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ പേര് മാറ്റി 'മോദി നരേന്ദ്ര സർവകലാശാല' എന്നാക്കി മാറ്റണമെന്ന് താൻ നിർദ്ദേശിച്ചതെന്നും ഹാൻസ് രാജ് പറഞ്ഞു.