തമിഴ്നാട്ടിലേക്ക് യാത്രപോകാത്തവരായി ആരുമുണ്ടാവില്ല, തലയുയർന്നു നിൽക്കുന്ന പനമരങ്ങളും, പച്ചപ്പില്ലാതെ വരണ്ട വഴിയോരക്കാഴ്ചയുമാണ് സാധാരണയായി തമിഴ്നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ കാണാനാവുന്ന വഴിയോരക്കാഴ്ചകൾ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നാടാണ് ചെട്ടിനാട്. നാഗരാത്താർ എന്നറിയപ്പെടുന്ന നാട്ടുകൂട്ട ചെട്ടിയാരുടെ ഗ്രാമങ്ങളാണ് ഇത്. എഴുപത്തിനാല് ഗ്രാമങ്ങൾ ചേർന്നുണ്ടായ അനുഗ്രഹീതമായ പട്ടണമാണ് ചെട്ടിനാട്.
നൂറ്റാണ്ടുകൾക്ക് മുൻപേ വ്യാപാരത്തിലൂടെ സമ്പന്നതയുടെ ആഡംബര അടയാളങ്ങൾ പണിതുയർത്തിയ ചെട്ടിനാട് കാഴ്ചക്കാരുടെ കണ്ണുകൾക്ക് നൽകുന്ന വിസ്മയം പറഞ്ഞറിയിക്കാത്തതാണ്.
ചെട്ടിനാടിന്റെ ഉദ്ഭവം
വ്യാപാരികളായ നാട്ടുകൂട്ട ചെട്ടിയാൻമാർ കൂട്ടമായി അധിവസിച്ചിരുന്ന സ്ഥലമായിരുന്നു ചെട്ടിനാട്. കടൽ കടന്ന് വിദേശ രാജ്യങ്ങളിൽ പോയി വ്യാപാരം നടത്തി അതി സമ്പന്നരായവരാണ് നാട്ടുകൂട്ട ചെട്ടിയാൻമാർ. പൊതുവെ കൂട്ടുകുടുംബമായി താമസിച്ചിരുന്ന ഇവർ ചെട്ടിനാട്ടിൽ എത്തിച്ചേർന്നതിന് പിന്നിൽ രണ്ട് സംഭവങ്ങളാണ് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നത്. ബംഗാൾ ഉൾക്കടലിന്റെ സമീപം താമസിച്ചിരുന്ന വ്യാപാരികൾ സുനാമിയിൽ സർവ്വസവും നഷ്ടമായെന്നും അവിടെ നിന്നും അവർ ജീവഭയത്താൽ ചെട്ടിനാട്ടിലേക്ക് എത്തിയതാണെന്നും പറയപ്പെടുന്നു. എന്നാൽ കൂടുതൽ വിശ്വാസ യോഗ്യമായത് ഇവർ കാവേരി നദിയുടെ തീരത്ത് താമസിച്ച് വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്നും, നദിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പാണ്ഡ്യരാജാവ് ഇവരെ ചെട്ടിനാട്ടിലേക്ക് നയിച്ചുവെന്നുമാണ്. ചെട്ടിനാട്ടിലെ വീടുകളുടെ നിർമ്മാണം പരിശോധിച്ചാൽ അടിസ്ഥാനം ഉയർത്തി അതിന് മുകളിൽ വീട് പണിയുന്ന രീതി കാണാനാവും. ഇത് ഇവർ വെള്ളപ്പൊക്കത്തിനെ ഭയന്നവരായിരുന്നു എന്നതിന്റെ തെളിവായി ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്നത്തെ ചെട്ടിനാട്
കാരക്കുടി നഗരത്തിന് ചുറ്റിലുമായി വ്യാപിച്ചുകിടക്കുന്ന എഴുപത്തിനാല് ഗ്രാമങ്ങളെയാണ് ചെട്ടിനാട് എന്ന് അറിയപ്പെടുന്നത്. ഇവിടെയെത്തിയാൽ യൂറോപ്യൻ മാതൃകയിൽ പണിതുയർത്തിയ മാളികകളിലാണ് ആരുടേയും കണ്ണുകൾ ഉടക്കുന്നത്. 13 മുതൽ 20 നൂറ്റാണ്ടിലാണ് ചെട്ടിനാട് അതിന്റെ സുവർണ കാലഘട്ടം കാത്തു സൂക്ഷിച്ചത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഈ നാട്ടിന്റെ പേരു കാത്തുസൂക്ഷിക്കുന്നത്.
കാനാട്കാത്തൻ എന്ന ഗ്രാമത്തിലാണ് വിദേശികളടക്കം ഇപ്പോൾ എത്തിച്ചേരുന്നത്. ഇവിടത്തെ നാട്ടുകൂട്ട ചെട്ടിയാൻമാരുടെ പല വീടുകളും ഇപ്പോൾ റിസോർട്ടുകളായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് മുറികളുള്ള വലിയ വീടുകൾ ഇവിടത്തെ പ്രത്യേകതയാണ്. വ്യാപാരികളായ ചെട്ടിയാൻമാർ കൊട്ടാര സദൃശ്യമായ വീടു പണിയുമ്പോൾ അയൽവാസിയായ വ്യാപാരി അതിലും ഗംഭീരമായ മറ്റൊരു ഭവനം പണിയുന്നത് സാധാരണയായിരുന്നു. യൂറോപ്യൻ നാടുകളിൽ നിന്നും കൊണ്ടുവന്ന വിലകൂടിയ ആഡംബര വസ്തുക്കൾ കൊണ്ട് അലങ്കരിച്ച ഉൾത്തളങ്ങൾ ആരെയും മോഹിപ്പിക്കും.
ചെട്ടിനാട് സംസ്‌കാരത്തിന്റെ പ്രതാപകാലം കഴിഞ്ഞതോടെ കെട്ടിടങ്ങൾ പൊളിച്ച് സാധനങ്ങൾ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്ന സംഘങ്ങൾ വ്യാപകമായി. എന്നാൽ ചെട്ടിനാടിന്റ സാംസ്‌കാരിക തനിമ മനസിലാക്കിയ യു.എൻ പൈതൃക പ
ട്ടികയിൽ ചെട്ടിനാടിന് പ്രത്യേക സ്ഥാനം നൽകിയതോടെ പുരാവസ്തു വകുപ്പ് ഇവിടം സംരക്ഷിക്കുവാനായി പ്രത്യേക ശ്രദ്ധ നൽകുകയാണ്.
ചെട്ടിനാടൻ ഭക്ഷണം
ചെട്ടിനാട്ടിലെ ഭക്ഷണരീതികളും വ്യത്യസ്തമായിരുന്നു. നോൺ വെജ് വിഭവങ്ങളിലൂടെയാണ് ചെട്ടിനാടൻ രീതികൾ നാട് കടന്നത്. ഇരുപതോ അതിലധികമോ അംഗങ്ങൾ ചേർന്നതായിരുന്നു ചെട്ടിനാടൻ കുടുംബങ്ങൾ. ഇവർക്കായി ഭക്ഷണമൊരുക്കുന്നതിനായി സാമാന്യം വലിപ്പമുള്ള അടുക്കളയായിരുന്നു നിർമ്മിച്ചിരുന്നത്. എഴുപത്തിനാല് ഗ്രാമങ്ങളിലാണ് ഇപ്പോൾ നാട്ടുകൂട്ട ചെട്ടിമാരുടെ താമസസ്ഥലമായി മാറിയത്. ഇതിൽ പല ഭവനങ്ങളും ഉപയോഗ്യശൂന്യമായി മാറിയിരിക്കുകയാണ്. നാട്ടുകൂട്ട ചെട്ടിയാൻമാരുടെ ഇന്നത്തെ തലമുറ അതി സമ്പന്നമായി ജിവിതം നയിക്കുന്നവരാണ്. തങ്ങളുടെ പൂർവ്വികർ വ്യാപാരം നടത്തി സമ്പാദിച്ച തുക മൂലധനമാക്കി ബിസിനസ് രംഗത്തുള്ള പുതുതലമുറ പക്ഷേ കൂടുതലായും മലേഷ്യ,സിംഗപ്പൂർ,യു.കെ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇപ്പോൾ. വ്യാപാര മേഖലയിലെന്ന പോലെ വിദ്യാഭ്യാസ,രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലും തങ്ങളുടേതായ സംഭാവന നൽകിയവരാണ് നാട്ടുകൂട്ട ചെട്ടിയാൻമാർ.
ഇപ്പോഴും സമ്പന്നർക്ക് മാത്രം ആഗ്രഹിക്കാനാവുന്ന രമ്യഹർമ്യങ്ങളും ആഡംബര വസ്തുക്കളും നൂറ്റാണ്ടുകൾക്ക് മുൻപേ വിശാലമായ ഒരു പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങൾ ഒരുപോലെ സ്വന്തമാക്കി ജീവിച്ചിരുന്നു എന്നത് ചിന്തിക്കുന്നത് പോലും ഇന്നും അദ്ഭുതം നിറയ്ക്കുന്നതാണ്. എന്നാൽ ഇന്ന് ചെട്ടിനാട്ടിലൂടെ യാത്ര ചെയ്താൽ സാധാരണക്കാരുടെ വീടുകൾ കാണാനാവും.