puthumala

വയനാട്: വൻ ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഈ മൃതദേഹം കണ്ടെത്താനായത്. ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് രക്ഷാപ്രവർത്തന സംഘം പുറപ്പെട്ടിട്ടുണ്ട്. പാറക്കെട്ടുകൾക്കുള്ളിൽ നിന്നും മൃതശരീരം പുറത്തെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

അതിനാൽ ഇതിന് ആവശ്യമായ സംവിധാനങ്ങളുമായാണ് രക്ഷാദൗത്യ സംഘം എത്തുന്നത്. ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇന്ന് രാവിലെ ഈ മേഖലയിൽ തിരച്ചിൽ നടത്തിയ ഏതാനും സന്നദ്ധ പ്രവർത്തകരാണ് മൃതദേഹം കണ്ട വിവരം അറിയിക്കുന്നത്. പിന്നീട് അഗ്നിശമനസേനയുടെയും എൻ.ഡി.ആർ.എഫിന്റെയും ഉദ്യോഗസ്ഥർ അവിടേക്കെത്തി സംഭവം സ്ഥിരീകരിച്ചു. അൽപ്പസമയത്തിനുള്ളിൽ തന്നെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. പുത്തുമലയിൽ ഇനി 6 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ ആകെ 11 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.