മലപ്പുറം: പ്രളയത്തിൽ വൻ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 13 പേരെ കണ്ടെത്താനുണ്ട്. കാണാതായ സൈനികൻ വിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. വിഷ്ണുവിന് സഹപ്രവർത്തകരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ വ്യാപകമാക്കിയെങ്കിലും കൂടുതൽ ആളുകളെ കണ്ടെത്താനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ഇല്ലാത്തത് തെരച്ചിലിന് സഹായകമായി.
അതേസമയം, ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. അതിനിടെ സൈന്യം തെരച്ചിൽ നിറുത്തി. മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകൾ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് മനസിലാക്കുക. എന്നാൽ, ചെളി നിറഞ്ഞ മണ്ണിൽ ഭൂഗർഭ റഡാർ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല. വെള്ളിയാഴ്ച കവളപ്പാറയിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. വയനാട്ടിലെ പുത്തുമലയിലും ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്.