പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ഇന്ത്യയെയാണ് കുറച്ചു വർഷങ്ങളായി ലോകം കാണുന്നത്. പഞ്ചശീലങ്ങളിൽ അധിഷ്ഠിതമാക്കിയുള്ള അടിത്തറയിൽ രൂപീകൃതമായ ചേരി ചേരാ നയം എക്കാലത്തെയും വിദേശനയമായി സ്വീകരിച്ച ഇന്ത്യയിൽ നിന്നും മോദി സർക്കാരിന്റെ കീഴിൽ ഭരണമെത്തിയതോടെ രാജ്യം വളരെയേറെ മാറിയിരിക്കുകയാണ്. കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തുടർച്ച കൈവരിച്ച നരേന്ദ്രമോദി സർക്കാർ കേവലം എഴുപത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ കാശ്മീരിനെ സംബന്ധിച്ച് വിപ്ലവകരമായ തീരുമാനങ്ങളാണ് സ്വീകരിച്ചു പോരുന്നത്. ഇതിൻ ഏറ്റവും പ്രാധാനപ്പെട്ടതായിരുന്നു ജമ്മു കാശ്മീരിൽ നടപ്പിലാക്കിയ മാറ്റങ്ങൾ. പതിനായിരക്കണക്കിന് അർദ്ധ സൈനികരെ വിന്യസിച്ച ശേഷം ഭരണഘടനയിൽ കാശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഈ നടപടിക്ക് പാർലമെന്റിലെ ഇരു സഭകളിലും ഭുരിപക്ഷം നേടാനും സർക്കാരിനായി.
എന്നാൽ കാശ്മീരിലെ മാറ്റങ്ങൾ അയൽ രാജ്യമായ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിൽ വിളളൽ വീഴ്ത്തിയിരിക്കുകയാണ്. പതിവിന് വിപരീതമായി ഇന്ത്യയുമായുള്ള ബന്ധങ്ങൾ ഒന്നിനു പിറകേ ഒന്നായി പാകിസ്ഥാൻ വിച്ഛേദിക്കുകയാണ്. സാധാരണയായി പാക് സഹകരണത്തോടെ നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഫലമായി ഇന്ത്യയുടെ ഭാഗത്തുനിന്നുമാണ് നയതന്ത്രത്തിലടക്കമുള്ള ബന്ധങ്ങൾ വിച്ഛേദിക്കുന്നതിന് തുടക്കം കുറിക്കുന്നത്. ഈ മാറ്റം സൂചിപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ നയം മാറ്റമാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവായി രണ്ടാം മോദി സർക്കാരിലും തുടരുന്ന അജിത് ഡോവലിന്റെ തലയാണ് പവർ ഗെയിമിലെ ഈ ഗിയർ ഷിഫ്‌റ്റിന് സർക്കാരിനെ പ്രാപ്തമാക്കുന്നതെന്ന് കണക്കാക്കാം. 2014 ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ നടന്ന സെമിനാറിൽ അജിത് ഡോവൽ നടത്തിയ പ്രസംഗം വീണ്ടും ചർച്ചയാവുകയാണ്.
2014 അജിത് ഡോവൽ സംസാരിച്ചത് പാകിസ്ഥാനെ മെരുക്കുവാൻ ഇന്ത്യ രാജ്യത്തിന്റെ പ്രതിരോധനയം മാറ്റണമെന്നായിരുന്നു. കാലാകാലങ്ങളായി സമാധാനത്തിൽ അധിഷ്ടിതമായ പ്രതിരോധ നയമായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇടവേളകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാക് പിന്തുണയോടെ ഭീകരാക്രമണ ശ്രമങ്ങൾ നടക്കുമ്പോൾ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് കളി അവസാനിപ്പിച്ചും, നയതന്ത്ര ചർച്ചകൾ പിൻവലിച്ചും, ട്രെയിൻ, വ്യാപാര ബന്ധങ്ങൾ പിൻവലിച്ചും മാത്രം പ്രതിരോധിച്ചിരുന്ന സമാധാന പ്രിയരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നവർ. ജനാധിപത്യത്തിന്റെ ശ്രീകോവിലായി വാഴ്‌ത്തപ്പെടുന്ന പാർലമെന്റിന്റെ അകത്തളത്തിന്റെ വാതിലിൽ വരെ പാകിസ്ഥാനിലെ താവ്രവാദികൾ എത്തി നിറയൊഴിച്ചപ്പോഴും, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബയിലെ വിവിധയിടങ്ങൾ കൊലക്കളമാക്കിയപ്പോഴും ഇന്ത്യ പതിവ് രീതികളിലൂടെ പ്രതിഷേധം അറിയിച്ച് സമാധാനപ്രിയരായി തുടരുകയായിരുന്നു. കാർഗിൽ യുദ്ധവേളയിൽ ഇന്ത്യൻ സൈന്യം അതിർത്തിവരെ പാക് സൈനികരെയും തീവ്രവാദികളെയും തുരത്തിയോടിച്ച് അതിർത്തി സുരക്ഷിതമാക്കുവാനാണ് ശ്രമിച്ചത്. അജിത് ഡോവലിന്റെ ഭാഷയിൽ ഇന്ത്യ സ്വീകരിച്ചുപോരുന്നത് ഡിഫൻസീവായുള്ള രീതിയാണ്. ശത്രു വരുമ്പോൾ മാത്രം അതിനെ പ്രതിരോധിക്കുന്ന നയമായിരുന്നു അത്. അതിർത്തി കടന്ന് ശത്രു കടന്നുവരുമ്പോൾ, അത് അറിയുന്ന നിമിഷത്തിൽ മാത്രം തിരിച്ചടിക്ക് ഒരുങ്ങുന്നു, അതും ഡിഫൻസീവ് നയത്തിൽ അതിർത്തിവരെ ശത്രുവിനെ തുരത്തുന്നതിൽ അവസാനിക്കുകയും ചെയ്യുന്നു.
പലപ്രാവശ്യങ്ങളിലായി ഇന്ത്യ ഇതു തുടരുമ്പോൾ ശത്രുവിന് മനസിലാകുന്ന ഭാഷ ഇത്രമാത്രമാണ്, അതിർത്തി വരെമാത്രമേ ഇന്ത്യൻ സൈന്യം പിന്തുടരുകയുള്ളൂ, അക്രമണമുണ്ടായാൽ പതിവ് രീതികളിൽ ഉപരോധം മാത്രമാണ് ഇന്ത്യക്ക് പ്രയോഗിക്കാനാവുന്നത്. അതിനാൽ തന്നെ താരതമ്യേന ദുർബലരായ പാകിസ്ഥാനെതിരെയുള്ള പ്രതിരോധ നയം ഇന്ത്യമാറ്റേണ്ട ആവശ്യകതയെ കുറിച്ചുള്ള ഡോവൽ ഡോക്ട്രിൻ കുറച്ചു അഗ്രസീവായിട്ടുള്ളതാണ്. ഡിഫൻസീവ് നയത്തിൽ നിന്നും മാറി ഡിഫൻസീവ് ഒഫൻസീവ് നയമാണ് ഡോവൽ പാകിസ്ഥാനെതിരെ സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്.
ഡോവലിന്റെ നയം മോദിസർക്കാർ സ്വീകരിച്ചപ്പോൾ
ഉറിയിലും പുൽവാമയിലും പാക് സൈന്യത്തിന്റെ പിന്തുണയോടെയുള്ള തീവ്രവാദ ആക്രമണങ്ങൾക്ക് ഇന്ത്യയുടെ മറുപടി അതേ നാണയത്തിലായിരുന്നു. ഉറിയിൽ ചെറിയൊരു സൈനിക വിഭാഗത്തെ അയച്ച് ഭീകരരുടെ ക്യാമ്പുകളിൽ മിന്നലാക്രമണമാണ് നടത്തിയിരുന്നതെങ്കിൽ, പുൽവാമയിലെ ഭീകരാക്രമണത്തിന്, ഇന്ത്യൻ സൈനികരുടെ ചോരവീഴ്ത്തിയതിന് പകരം ചോദിച്ചത് യുദ്ധസമാനമായ രീതിയിൽ വ്യോമസേനയെ ഉപയോഗിച്ച് ബലാക്കോട്ടിലെ ഭീകര ക്യാമ്പുകൾ തച്ചുതകർത്താണെന്നതാണ് ഇന്ത്യയുടെ പ്രതിരോധ നയത്തിൽ അടുത്തിടെ കാണുന്ന പ്രകടമായ വ്യത്യാസം. ഈ രണ്ടു സംഭവങ്ങളിലും ആഗോള തലത്തിൽ രാഷ്ട്രങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കാൻ മുതിർന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ജമ്മുകാശ്മീരിലും പുതിയ തുടക്കങ്ങൾക്ക് കേന്ദ്രത്തിന് ശക്തി പകരുന്നത് ഡോവൽ പകരുന്ന ശക്തിയും സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസവുമാണ്. രക്ഷാസമിതിയിൽ വരെ കാശ്മീർ വിഷയം ഉയർത്തിക്കൊണ്ടു വന്ന പാകിസ്ഥാന് ചൈനയുടേതല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പിന്തുണ സ്വന്തമാക്കാനായില്ലെന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. കാശ്മീരിന്റെ പേരിൽ പാകിസ്ഥാൻ നടത്തുന്ന അവകാശവാദങ്ങൾ തള്ളിമാറ്റി അതിർത്തിവരെ എത്തിച്ച ഇന്ത്യ ഇപ്പോൾ പാക് അധിനിവേശ കാശ്മീർ എപ്പോൾ തിരികെ നൽകും എന്ന മറുചോദ്യമുയർത്തിയാണ് പാകിസ്ഥാനെ കുഴക്കുന്നത്. ഇന്ത്യയുടെ കണ്ണിൽ ഇപ്പോൾ കാശ്മീർ പ്രശ്നം എന്നന്നേയ്ക്കുമായി പരിഹരിച്ചു, ഇനിയുള്ളത് പാക് അധീന കാശ്മീരിന്റെ കാര്യമാണ്.
പതിവ് രീതിയിൽ ആണവരാഷ്ട്രമാണ് പാകിസ്ഥാനെന്ന ഭീഷണിക്കുമുന്നിലും കേന്ദ്ര സർക്കാർ ചെവികൊടുക്കുന്നില്ല. ആണവായുധം ശത്രുവിന് നേരെ ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ നിന്നുമുള്ള മലക്കംമറിച്ചിൽ പ്രതിരോധ മന്ത്രി സ്വീകരിച്ചതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഇനിയുള്ള കാലം പാകിസ്ഥാൻ ഭയക്കണം, തിരിച്ചടിക്കുമ്പോൾ അതിർത്തിയെ മറക്കുന്ന സൈന്യവും, സർക്കാരുമാണ് നമുക്കുള്ളത്.