ന്യൂഡൽഹി: ജമ്മു കാശ്മീർ പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിച്ച്, ഭാവിയിൽ പാകിസ്ഥാനുമായി നടക്കുന്ന ഏതു ചർച്ചയും അധിനിവേശ കാശ്മീരിനെ കേന്ദ്രീകരിച്ചു മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു.
ഹരിയാനയിലെ കൽക്കയിൽ ബി.ജെ.പിയുടെ ജന ആശീർവാദ് റാലിക്കു മുന്നോടിയായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പാകിസ്ഥാന് ശക്തമായ മറ്റൊരു സന്ദേശം നൽകിയത്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം മാറ്റാൻ ഇന്ത്യ മടിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാജ്നാഥ് സിംഗ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരതയിലൂടെ ഇന്ത്യയെ ശിഥിലമാക്കാനാണ് പാകിസ്ഥാന്റെ ശ്രമം. അതുകൊണ്ടു തന്നെ ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ഇനി ചർച്ചയുള്ളൂ. മാത്രമല്ല, ഭാവിയിൽ പാകിസ്ഥാനുമായി നടക്കുന്ന ഏതു ചർച്ചയും പാക് അധിനിവേശ കാശ്മീരിനെപ്പറ്റി മാത്രമായിരിക്കും - രാജ്നാഥ് സിംഗ് അസന്ദിഗ്ദ്ധമായി പറഞ്ഞു.
ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഭീകരരെ വധിച്ചത് ആദ്യം നിഷേധിച്ച പാക് പ്രധാനമന്ത്രി അടുത്തിടെ അക്കാര്യം അംഗീകരിച്ചിരുന്നു. ബാലാക്കോട്ടിനേക്കാൾ വലിയൊരു വ്യോമാക്രമണത്തിന് ഇന്ത്യ ഒരുങ്ങുന്നു എന്നാണ് ഏതാനും ദിവസം മുൻപ് പാക് പ്രധാനമന്ത്രി അധിനിവേശ കാശ്മീരിൽ പറഞ്ഞത്. അതിനർത്ഥം ബാലാക്കോട്ടിൽ ഇന്ത്യ ആക്രമണം നടത്തിയെന്നും അതിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും അദ്ദേഹം അംഗീകരിക്കുന്നുവെന്നാണ്. ജമ്മു കാശ്മീരിന്റെ വികസനത്തിനു വേണ്ടിയാണ് പ്രത്യേക പദവി റദ്ദാക്കിയത്. അതിനു പിന്നാലെ തങ്ങളെ രക്ഷിക്കണമെന്നു പറഞ്ഞ് പാകിസ്ഥാൻ അന്താരാഷ്ട്ര വാതിലുകളിൽ ചെന്നു മുട്ടുകയാണ്. ഇന്ത്യ എന്തു തെറ്റാണ് ചെയ്തത്? ഇന്ത്യയെ എന്തിനാണ് ഭീഷണിപ്പെടുത്തുന്നത്? ലോകത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക പോലും പാകിസ്ഥാനെ കൈവിട്ടിരിക്കുകയാണ്. ഇന്ത്യയുമായി ചർച്ച തുടങ്ങാനാണ് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഭീകരപ്രവർത്തനംകൊണ്ട് ഇന്ത്യയെ തകർക്കാമെന്നാണ് പാകിസ്ഥാൻ കരുതുന്നത്. പക്ഷേ തീരുമാനങ്ങളെടുക്കേണ്ടത് എങ്ങനെയാണെന്ന് 56 ഇഞ്ച് നെഞ്ചളവുള്ള നമ്മുടെ പ്രധാനമന്ത്രി കാട്ടിക്കൊടുത്തെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ആണവായുധ നയം മാറ്റുമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്നാണ് പാകിസ്ഥാനിൽ നിന്നുള്ളവർ പറയുന്നത്. എന്തിനെപ്പറ്റിയാണ് ഇന്ത്യ ചർച്ച ചെയ്യേണ്ടത് ? ചർച്ച ചെയ്യാൻ തക്ക പ്രശ്നം എന്താണ്? എന്തിനു വേണ്ടിയാണ് ചർച്ച? പാകിസ്ഥാനുമായി എതെങ്കിലും തരത്തിലുള്ള ചർച്ച നടക്കണമെങ്കിൽ, പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. അല്ലാതെ ചർച്ച നടത്താൻ ഒരു കാരണവും കാണുന്നില്ല. ഭാവിയിൽ ചർച്ച നടന്നാൽത്തന്നെ അത് പാക് അധിനിവേശ കാശ്മീരിനെപ്പറ്റിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആയിരിക്കില്ല.
- രാജ്നാഥ് സിംഗ്
കേന്ദ്ര പ്രതിരോധ മന്ത്രി
പാക് അധിനിവേശ കാശ്മീർ
1947- ൽ ഇന്ത്യാ വിഭജനം വരെ ബ്രിട്ടീഷ് അധികാരത്തിനു കീഴിലായിരുന്ന ഇന്ത്യൻ നാട്ടുരാജ്യ മേഖല.
നാട്ടുരാജാവായ മഹാരാജാ ഹരിസിംഗ് 1947 ഒക്ടോബർ 26- ന് രാജാധികാരങ്ങൾ ഇന്ത്യയ്ക്കു കൈമാറി.
കാശ്മീരിന്റെ പടിഞ്ഞാറൻ മേഖലയായ പൂഞ്ച് കേന്ദ്രീകരിച്ച് പഷ്തൂൺ വംശജർ ഹരിസിംഗിനെതിരെ യുദ്ധത്തിന്.
ഹരിസിംഗിന്റെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ സൈന്യം ജമ്മു കാശ്മീരിലേക്ക്.
ഇന്നത്തെ പാക് അധിനിവേശ കാശ്മീർ മേഖല അന്ന് പാകിസ്ഥാൻ കൈവശപ്പെടുത്തിയതാണ്.
പാകിസ്ഥാന്റെ കൈവശമുള്ള മേഖല: 13,297 ച.കിമീ. പ്രദേശം, ജമ്മു കാശ്മീരിന്റെ മൂന്നു മടങ്ങ് വിസ്തൃതി
ജമ്മു കാശ്മീരിനും പാക് അധിനിവേശ കാശ്മീരിനും ഇടയിലാണ് നിയന്ത്രണ രേഖ (ലൈൻ ഒഫ് കൺട്രോൾ)
1949 ൽ ഇന്ത്യയും പാകിസ്ഥാനും യു.എൻ മേൽനോട്ടത്തിൽ വെടിനിറുത്തൽ കരാറിൽ ഒപ്പിട്ടു
അധിനിവേശ മേഖല പാകിസ്ഥാൻ പിന്നീട് രണ്ടായി വിഭജിച്ചു- ആസാദ് കാശ്മീരും ഗിൽജിത് ബലിസ്ഥാനും.