തിരുവനന്തപുരം: പ്രളയദുരിതാശ്വാസം എത്തിച്ച് മടങ്ങും വഴി അപകടത്തിൽപ്പെട്ട സംഘത്തിന് സഹായവുമായെത്തി സർക്കാർ. നിലമ്പൂർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായം എത്തിച്ച് മടങ്ങിവരും വഴി അപകടത്തിൽപെട്ട സംഘത്തിനാണ് സർക്കാർ തുണയായത്. തിരുവനന്തപുരത്ത് നിന്നുള്ള 'നാടക്' സുഹൃദ്സംഘത്തിന്റെ വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്.
സംഘം സഞ്ചരിച്ച മിനി ലോറി ആലപ്പുഴയ്‌ക്കു സമീപം പാതിരപ്പള്ളിയിലെ ദേശീയപാതയിൽ വച്ച് ടാങ്കർ ലോറിയുമായി കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ചികിത്സാ സഹായത്തിനായി അപകടത്തിൽപെട്ടവരുടെ സുഹൃത്തുക്കൾ ആരോഗ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രി സഹായവുമായെത്തിയത്.
മെഡിക്കൽ സുപ്രണ്ടിനെ ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ട് വിളിച്ച് സംഘത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ നൽകാൻ നിർദേശിക്കുകയായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള നാടക പ്രവർത്തകരുടെ സംഘടനയാണ് 'നാടക്'. ഇവർ ശേഖരിച്ച അവശ്യ സാധങ്ങളടങ്ങിയ കിറ്റുകൾ നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലാണ് വിതരണം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ ആറോടെ ദേശീയപാതയിൽ വളവനാട് ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. മലപ്പുറം ഭാഗത്തേക്ക് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അവശ്യ സാധനങ്ങളുമായി ഇവരുൾപ്പെടെ 13അംഗ സംഘം യാത്ര പോയിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ മിനിലോറി പൂർണമായും തകർന്നിരുന്നു.