തിരുവനന്തപുരം: നവീന സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിന്റെ മുൻഗണനാ വിഷയങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള പുതിയ ആശയങ്ങൾ തേടി സിൻഡിക്കേറ്റ് ബാങ്ക് വിവിധതല പഠനശിബിരങ്ങൾ സംഘടിപ്പിച്ചു. ബാങ്കിന്റെ 4,063 ശാഖകളുടെ പങ്കാളിത്തതോടെ ശിബിരങ്ങൾ ശ്രദ്ധേയമായി. രാജ്യവ്യാപകമായി നടക്കുന്ന ഈ ആശയസംവാദങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണിലെ ശാഖകളുടെ മാനേജർമാർ പങ്കെടുത്ത വർക്ക്ഷോപ്പ് 17, 18 തീയതികളിലായി നടന്നു.

തിരുവനന്തപുരത്ത് നടന്ന വർക്ക്‌ഷോപ്പിൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ജനറൽ മാനേജർ വി.എം. ഗിരിധർ (കോർപ്പറേറ്ര് ഓഫീസ്, ബംഗളൂരു), റീജിയണൽ മാനേജർ കെ. ഹരിദാസ് എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ശാഖകൾ മുതൽ ദേശീയതലം വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം വിലയിരുത്തുക, മാർഗനിർദേശങ്ങളിലൂടെ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.

ധനമന്ത്രാലയത്തിന്റെ നിർദേശാനുസരണം നടന്ന പരിപാടിയിൽ ഡിജിറ്റൽ ബാങ്കിംഗ്, എം.എസ്.എം.ഇ., സാങ്കേതിക വിദ്യയുടെ ഉപയോഗം, കാർഷിക, റീട്ടെയിൽ വായ്‌പ എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വായ്‌പാ സൗകര്യം, ഭവനവായ്‌പ, അടിസ്ഥാന സൗകര്യവികസനം, സ്‌ത്രീശാക്‌തീകരണം, സ്വച്‌ഛ്ഭാരത്, മുദ്രാ വായ്‌പ, വിദ്യാഭ്യാസ വായ്‌പ, കർഷകരുടെ സാമ്പത്തിക ഉന്നമനം തുടങ്ങിയ ദേശീയ പ്രധാന്യ വിഷയങ്ങൾക്കും പ്രാമുഖ്യം ലഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടു മാത്രമാണ് സിൻഡിക്കേറ്ര് ബാങ്ക് പദ്ധതികൾ രൂപപ്പെടുത്തുന്നതെന്ന് ജനറൽ മാനേജർ വി.എം. ഗിരിധർ പറഞ്ഞു.