സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ശ്രദ്ധിക്കണമെന്ന് ഗവേഷകർ പറയുന്നു. സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് കാരണമാണ് ഇത്. പെൺകുട്ടികളുടെ ഉറക്കത്തെയും വ്യായാമത്തെയും ആണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. മാത്രമല്ല പ്രായപൂർത്തിയായ ആൾക്കാരിൽ നിന്നും സൈബർ ബുള്ളിയിങ്ങിനും പെൺകുട്ടികൾ വിധേയരാകുന്നതും ഇവരെ ദോഷകരമായി ബാധിക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചൈൽഡ് ഹെൽത്തിലെ റസൽ വൈനർ ആണ് ഇക്കാര്യം പറയുന്നത്.
എന്നാൽ ഇതിന് സോഷ്യൽ മീഡിയയെ പൂർണമായും കുറ്റപ്പെടുത്താൻ സാധിക്കില്ല എന്നും ഗവേഷകർ പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതികളിൽ വരുന്ന പിഴവാണ് ഇതിന് കാരണമെന്നും അവർ പറയുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് ജീവിതത്തിൽ സന്തോഷം കുറയുമെന്നുംജീവിതത്തോട് വിരക്തി ഉണ്ടാകുമെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് എല്ലാത്തിനോടും മടുപ്പ് കൂടുതലായിരിക്കുമെന്നും ഇവർ പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ എന്തൊക്കെ കാണുന്നു, എത്ര നേരം അവർ അത് ഉപയോഗിക്കുന്നു എന്നും മാതാപിതാക്കൾ ശ്രദ്ധിക്കണം. വൈനർ പറയുന്നു.
കൗതുകകരം എന്തെന്നാൽ ആൺകുട്ടികളുടെ മാനസിക ആരോഗ്യത്തെ സോഷ്യൽ മീഡിയ ഉപയോഗം ബാധിക്കില്ല. സോഷ്യൽ മീഡിയ ഉപയോഗം വ്യത്യസ്തമായാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ബാധിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. പെൺകുട്ടികളുടെ കാര്യത്തിലെന്ന പോലെ ആൺകുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നത് വ്യായാമം ഇല്ലായ്മയും ഉറക്കം ഇല്ലായ്മയും സൈബർ ബുള്ളിയിങ്ങും ആണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.