cpi-march

കൊച്ചി: കൊച്ചിയിൽ എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ള സി.പി.ഐ നേതാക്കൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് വിവാദത്തിൽ ഒടുവിൽ നടപടി. കൊച്ചി സെൻട്രൽ എസ്.ഐ വിപിൻ ദാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ഡി.ഐ.ജിയുടെ ഉത്തരവിലാണ് ഒടുവിൽ നടപടി ഉണ്ടായിരിക്കുന്നത്. എൽദോ എബ്രഹാമിനു മർദ്ദനമേറ്റത് എസ്‌.ഐയുടെ അശ്രദ്ധമൂലമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സി.പി.ഐയുടെ വൻ പ്രതിഷേധത്തിനൊടുവിൽ നടപടി ഉണ്ടായിരിക്കുന്നത്.

എൽദോ എബ്രഹാം എം.എൽ.എയെ തിരിച്ചറിയുന്നതിൽ എസ്.ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റതായും ആരോപണമുയർന്നു.

സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്ന് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവുകൾ എടുത്തുപറയാത്തതിനാൽ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയെ ഡി.ജി.പി അറിയിച്ചത്. പതിനെട്ട് സെക്കൻഡ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്.