kasmir-

ശ്രീനഗറിൽ പ്രതിഷേധം ശക്തം

നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു

ശ്രീഗനർ:ജമ്മുകാശ്‌മീരിന് പ്രത്യേകപദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതൽ സംസ്ഥാനത്ത് അനിഷ്‌ടങ്ങൾ ഒഴിവാക്കാൻ നാലായിരം പേരെ അറസ്റ്റ് ചെയ്‌തതായി ഗവൺമെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തി. പേര് വെളിപ്പെടുത്താതെ ഒരു മജിസ്‌ട്രേട്ട് എ. എഫ്. പി വാർത്താ ഏജൻസിയെ അറിയിച്ചതാണ് ഇക്കാര്യം. കുറ്റം ചുമത്താതെയും വിചാരണ ഇല്ലാതെയും ആരെയും രണ്ട് വർഷം വരെ തടവിലാക്കാവുന്ന വിവാദ നിയമമായ പബ്ലിക് സേഫ്‌റ്റി ആക്ട് പ്രകാരമാണ് അറസ്റ്റ്. ശ്രീനഗർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകൾ നിറഞ്ഞതിനാൽ ഇവരിൽ അധികം പേരെയും മിലിട്ടറി വിമാനങ്ങളിൽ കാശ്മീരിന് പുറത്തേക്ക് മാറ്റിയെന്നും മജിസ‌ട്രേട്ട് വെളിപ്പെടുത്തി. സംസ്ഥാനത്ത് വാർത്താ വിനിമയ സംവിധാനങ്ങൾ വിഛേദിച്ചിരുന്നതിനാൽ തനിക്ക് അനുവദിച്ച ഉപഗ്രഹ ഫോൺ വഴിയാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ നൂറിലേറെ പ്രാദേശിക രാഷ്ട്രീയക്കാരും ആക്‌ടിവിസ്റ്റുകളും അക്കാഡമിക് വിദഗ്ദ്ധരും അറസ്റ്റിലായിരുന്നു. മറ്റുള്ളവരുടെ കണക്കുകളൊന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം,​ കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധം ശക്തമായതോടെ ശ്രീനഗർ അടക്കമുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച ശ്രീനഗറിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഭാഗികമായി റദ്ദാക്കിയിരുന്നു. ബലി പെരുന്നാളിന് മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച നിയന്ത്രണങ്ങൾ നീക്കിയെങ്കിലും അതും പിന്നീട് പുനഃസ്ഥാപിച്ചു. കാശ്മീർ താഴ്‌വരയുടെ പല പ്രദേശങ്ങളിലും രണ്ടാഴ്ചയോളമായി നിയന്ത്രണങ്ങളും നിരോധനാജ്ഞയും തുടരുകയാണ്.

പ്രകടനക്കാർക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിച്ചു. ഇന്നലത്തെ പ്രതിഷേധത്തിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ജമ്മുവിലെ അഞ്ചിടങ്ങളിൽ ടെലിഫോൺ, ഇന്റർനെറ്റ് കണക്‌ഷനുകൾ കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചിരുന്നു. പ്രദേശത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.