hooda-

ചണ്ഡിഗഡ്: കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡയുടെ നീക്കങ്ങൾ.

ജമ്മുകാശ്മീർ വിഷയത്തിൽ ബി.ജെ.പി സർക്കാരിന്റെ നയങ്ങളെ പിന്തുണച്ചുകൊണ്ട് ഹൂഡ പരസ്യമായി രംഗത്തെത്തി. മാത്രമല്ല, കാശ്മീർ വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്ക് വഴിതെറ്റിയെന്നും ഹൂഡ ആരോപിച്ചു. ഹരിയാനയിലെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി കൂടിയാണ് ഹൂഡ.

കേന്ദ്രസർക്കാർ നല്ലത് ചെയ്താൽ സ്വാഗതം ചെയ്യുമെന്നും റോത്തക്കിൽ നടന്ന പരിവർത്തൻ റാലിയിൽ ഹൂഡ പറഞ്ഞു.

40 വർഷമായി സംസ്ഥാനത്ത് കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായ ഹൂഡയുടെ തുറന്നുപറച്ചിൽ കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. എന്നാൽ, താൻ പാർട്ടി വിടില്ലെന്നും ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ 13 എം.എൽ.എമാരുടെ കമ്മിറ്റി രൂപീകരിക്കുമെന്നും ഹൂഡ വ്യക്തമാക്കി. ഹൂഡ തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് 13അംഗ കമ്മിറ്റി രൂപീകരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. അതേസമയം, ഭൂപീന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയിൽ ചെറുവിരൽ അനക്കാത്ത ദേശീയ നേതൃത്വത്തോട് കോൺഗ്രസിൽ തന്നെ വൻ അമർഷമാണു പുകയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ ഉൾപ്പാർട്ടി രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നത്.

''ഹരിയാനയിലെ എന്റെ സഹോദരങ്ങളെ കാശ്മീരിൽ സൈനികരായി വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടാണു ഞാൻ പിന്തുണയ്ക്കുന്നത്. പക്ഷേ കഴിഞ്ഞ അഞ്ച് വർഷമായി എന്താണു ചെയ്തതെന്ന് ഹരിയാനയിലെ ബി.ജെ.പി സർക്കാർ വ്യക്തമാക്കണം. ആർട്ടിക്കിൾ‌ 370 റദ്ദാക്കിയ തീരുമാനത്തെ എന്റെ സഹപ്രവർത്തകരിൽ ചിലർ എതിർക്കുന്നുണ്ട്. എന്റെ പാർട്ടിക്കു വഴി തെറ്റിയിരിക്കുന്നു. ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തിൽ ആരുമായും ഒത്തുതീർപ്പിനില്ല. "- ഹൂഡ റോത്തക്കിൽ പറഞ്ഞു.

 ഹരിയാന ''കൈ"വിടുമോ?

മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. 2014 ലെ നിയമസഭാ ആകെയുള്ള 90 സീറ്റുകളിൽ 47ലും വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസിന് വെറും 15 സീറ്റുകൾ മാത്രമാണ് സ്വന്തം. ഹൂഡയുടെ നേതൃത്വത്തിൽ വിമതനീക്കമാണ് അരങ്ങേറുന്നതെങ്കിൽ 15ൽ 13 പേരും കേൺഗ്രസിന് നഷ്ടപ്പെടും.

ആകെസീറ്റ്: 90

ബിജെപി

 2005 -2

 2009- 4

 2014 - 47

കോൺഗ്രസ്

 2005 -67

 2009- 40

 2014 - 15