ലഖ്നൗ: ഭാര്യയെ കാമുകന് വിട്ടുകൊടുക്കുന്നതിനു പകരമായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ പിപ്രൈച്ച് ഗ്രാമത്തിൽ ഭർത്താവിന് പ്രതിഫലമായി ലഭിച്ചത് 71 ആടുകൾ. കാമുകനും ഭർത്താവും തമ്മിലുള്ള പ്രശ്നം തീർക്കുന്നതിന് ഗ്രാമസഭയാണ് സ്ത്രീക്ക് 71 ആടുകളുടെ വിലയിട്ടത്. സ്ത്രീയുടെ ഭർത്താവിന് നഷ്ടപരിഹാരമായി ആടുകളെ നൽകി കാമുകൻ യുവതിയെ സ്വന്തമാക്കി. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ വൈകാതെ ഭർത്താവിന്റെ വീട്ടുകാർ പിടികൂടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം. തുടർന്ന്, യുവതിയെച്ചൊല്ലി ഭർത്താവും കാമുകനും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. യുവതിയെ വിട്ടുനൽകില്ലെന്ന് ഭർത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെ തുടർന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്.
വിഷയം പരിശോധിച്ച ഗ്രാമസഭ വൈകാതെ വിചിത്രമായ തീരുമാനവുമെടുത്തു. യുവതിയ്ക്ക് കാമുകനൊപ്പം പോകാമെന്നും എന്നാൽ ഭർത്താവിന് കാമുകൻ നഷ്ടപരിഹാരമായി 71 ആടുകളെ നൽകണമെന്നും ഗ്രാമസഭ പറഞ്ഞു. ഭർത്താവും ഒത്തുതീർപ്പ് വ്യവസ്ഥ സമ്മതിച്ചതോടെ ആടുകളെ നഷ്ടപരിഹാരമായി നൽകി കാമുകൻ യുവതിയെ സ്വന്തമാക്കി. പക്ഷെ, പ്രശ്നം അവിടംകൊണ്ടും അവസാനിച്ചില്ല. തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളിൽ 71 എണ്ണത്തെയാണ് കാമുകൻ ഭർത്താവിന് നൽകിയത്. കാമുകന്റെ അച്ഛന് ഗ്രാമസഭയുടെ തീരുമാനം സ്വീകാര്യമായിരുന്നില്ല. ആടുകൾ തന്റേതാണെന്നും അവയെ വിട്ടുനൽകിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ച് അദ്ദേഹം രംഗത്തെത്തുകയും യുവതിയുടെ ഭർത്താവ് തന്റെ 71 ആടുകളെ മോഷ്ടിച്ചതായി ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കൂടാതെ ആടുകളെ എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.