കൊച്ചി : ഓണം ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രവാസി ലീഗൽ സെല്ലിന്റെ പത്താം വാർഷികവും എ.എം. തോമസ് മെമ്മോറിയൽ അവാർഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വിമാന സർവീസുകൾ തുടങ്ങുന്നതിനും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുവഴി വിമാനക്കൂലിയിലെ വൻവർദ്ധന ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കനുകൂലമായ രീതിയിൽ പുതിയ എമിഗ്രേഷൻ ആക്ട് കൊണ്ടുവരും. റിക്രൂട്ട്മെന്റ് ഏജൻസികളുടെ ചൂഷണം അവസാനിപ്പിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എക്കണോമിക്കൽ ഡിപ്ളോമസി ആൻഡ് സ്റ്റേറ്റ് ഡിവിഷൻ രൂപീകരിച്ചിട്ടുണ്ട്. ഒരു ജോയിന്റ് സെക്രട്ടറിയെയും നിയമിച്ചുകഴിഞ്ഞു. വിദേശത്തുവച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ തൂക്കിനോക്കി വിലയിടുന്ന വിമാനക്കമ്പനികളുടെ ദുഷ്പ്രവണത പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞു. ഗൾഫിൽ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത് സൗജന്യമായാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെെബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ജസ്റ്റിസ് സി.എസ്.രാജൻ സുഷമാ സ്വരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സെൽ ദേശീയ പ്രസിഡന്റ് ജോസ് എബ്രഹാം, സജി പൂത്തേലിൽ എന്നിവർ പ്രസംഗിച്ചു. കേരള മനുഷ്യാകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം മോഹൻദാസ്, മനോരമ ന്യൂസ് പ്രൊഡ്യൂസർ അഭിലാഷ് പി.ജോൺ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.