gulf-

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് 23ന് വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്.

24, 25 തീയതികളിൽ മോദി ബഹ്റൈനും സന്ദര്‍ശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്റൈന്‍ സന്ദർശനമാണിത് .

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്താണ് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർ‌ഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയും യു.എ.ഇ യും തമ്മിലുളള ബന്ധം കൂടുതൽ ദൃഢമാക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.