അമേരിക്കൻ ഹാസ്യതാരവും നടിയുമായ വിറ്റ്നി കമ്മിംഗ്സ് തന്റെ കോമഡി പരിപാടി അവതരിപ്പിക്കാനായി സെക്സ് റോബോട്ട് നിർമ്മിച്ച് ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് പറ്റിയ അബദ്ധത്തെതുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെക്കുറിച്ചാണ് നടി വെളിപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയയിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ബാത്ത്റൂമിൽ വച്ച് എടുത്ത മാറിടം കാണുന്ന ഒരുചിത്രം അബദ്ധത്തിൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പോസ്റ്റ് ചെയ്തു. അബദ്ധം മനസിലായ ഉടൻ തന്നെ ചിത്രം പിൻവലിക്കുകയും ചെയ്തു. പക്ഷേ സൈബർ ഭ്രാന്തൻമാർ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ചിത്രം പരസ്യമാക്കാതിരിക്കാൻ പണം വേണമെന്ന് വിറ്റ്നിയോട് ആവശ്യപ്പെടാനും തുടങ്ങി. ആവശ്യം പിന്നീട് ഭീഷണിയുടെ സ്വരത്തിലേക്ക് മാറി. പണം കിട്ടിയില്ലെങ്കിൽ ചിത്രം ഉടൻ പരസ്യപ്പെടുത്തുമെന്നായി ഭീഷണി മാറി.
അതോടെ വിറ്റ്നി ധീരമായി അവരുടെ വെല്ലുവിളി നേരിടാൻ തീരുമാനിച്ചു. പണം തരാൻ താൻ ഒരുക്കമല്ലെന്നും ആർക്കു വേണമെങ്കിലും ചിത്രം പരസ്യപ്പെടുത്താമെന്നും വെല്ലുവിളിച്ചു.
തിങ്കളാഴ്ചയാണ് 36കാരിയായ നടി തനിക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെയും ഭീഷണിയുടെയും കഥകൾ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തന്നോട് പണം ആവശ്യപ്പെടുന്ന ആളുകളുടെ സന്ദേശങ്ങളുടെ ചിത്രവും വിറ്റ്നി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഭീഷണിപ്പെടുത്തിയവർ അടങ്ങിയത്. തന്റെ ചിത്രം മറ്റുള്ളവർ പരസ്യപ്പെടുത്തേണ്ടതില്ലെന്നും താൻ തന്നെ അതിനു തയാറാണെന്നും പറഞ്ഞുകൊണ്ട് അവർ വിവാദം സൃഷ്ടിക്കാവുന്ന സ്വന്തം മാറിടം കാണാവുന്ന ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു.
താൻ ഭീഷണിക്കു വഴങ്ങില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയവരുടെയെല്ലാം പേരുകൾ വെളിപ്പെടുത്താത്തത് അവരിൽ ചിലർ കുട്ടികളായതുകൊണ്ടാണെന്നും അവർ സന്ദേശത്തിൽ പറയുന്നു.അഭിമാനം ദുരഭിമാനമായി മാറരുതെന്നും അപമാനം നേരിടേണ്ടിവരുമോ എന്ന പേടിയില്‍ ചതിക്കുഴികളില്‍ വീഴരുതെന്നും വിറ്റ്നി പറയുന്നു.
ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ദൃശ്യങ്ങളും നഗ്നദൃശ്യങ്ങളും മറ്റും പരസ്യപ്പെടുത്തുന്നത് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കുറ്റകരമാണ്.