ന്യൂഡൽഹി : ഇത്തവണ അർജുന പുരസ്കാരപ്പട്ടികയിൽതന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി മലയാളി ബാഡ്മിന്റൺതാരം എച്ച്. എസ്. പ്രണോയ്. കളിക്കളത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്കല്ല, നല്ല രീതിയിൽ ശുപാർശ ചെയ്യിക്കാൻ കഴിയുന്നവർക്കാണ് പുരസ്കാരം ലഭിക്കുന്നതെന്ന് പ്രണോയ് ട്വിറ്ററിൽ കുറിച്ചിരുന്നു.
അതേസമയം ഇൗവർഷം തങ്ങൾ പ്രണോയ്യുടെ പേര് അർജുന അവാർഡിനായി ശുപാർശ ചെയ്തിരുന്നില്ല എന്ന മറുപടിയുമായി ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ രംഗത്തെത്തി. സായ്പ്രണീതിനെയും മനു അത്രിയെയുമാണ് അസോസിയേഷൻ ശുപാർശചെയ്തത്. പ്രണോയ് സ്വന്തംനിലയിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞവർഷം പ്രണോയ്യുടെ പ്രകടനം അത്ര മികച്ചതല്ലാതിരുന്നതിനാലാണ് ശുപാർശ ഒഴിവാക്കിയതതെന്ന് അസോസിയേഷൻ അധികൃതർ വിശദീകരിച്ചു.
2018 ൽ പ്രണോയ് കോമൺവെൽത്ത്ഗെയിംസിൽ ടീം ഇവന്റിൽ സ്വർണം നേടിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കലവും നേടി. കഴിഞ്ഞവർഷം ബി.ഡബ്ളിയു.എഫ് റാങ്കിംഗിൽ എട്ടാം സ്ഥാനത്തുമെത്തിയിരുന്നു.