കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് നിർമിക്കാവുന്ന പ്രീഫാബ് വീടുകളിലേക്കുള്ള മാറ്റമാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ കൊല്ലം പ്രളയം നാശനഷ്ടം വിതച്ച അട്ടപ്പാടിയിൽ പ്രീഫാബ് വീടുകൾ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് ഉമാ പ്രേമൻ എന്ന സാമൂഹികപ്രവർത്തകയാണ്. ഒരു വർഷത്തിനിപ്പുറം വീണ്ടും പ്രളയം വന്നപ്പോൾ ഇത്തരത്തിൽ നിർമിച്ച വീടുകൾ പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് ,
തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരത്തിൽ നിർമിച്ച ഇത്തരം വീടുകളിൽ ഇത്തവണ വെള്ളം കയറിയില്ല.
ഒരു സുഹൃത്താണ് വഴിയാണ് തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെ കുറിച്ച് ഉമ അറിയുന്നത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാൻ കഴിയുംവിധത്തിലുള്ള മേൽത്തരം ഫൈബർ സിമന്റ് ബോർഡാണിത്. ഈ ബോർഡുകൾ പല തരത്തിൽ ക്രമീകരിക്കാൻ സാധിക്കും. വീടിന്റെ അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 വർഷം വാറന്റിയും ഇവ നൽകുന്നു. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ബോർഡുകൾ ഇറക്കുമതി ചെയ്തു. കേവലം പത്തു ദിവസം കൊണ്ട് വീട് തയ്യാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും! ഇപ്പോൾ ഉമയുടെ വീടായും ഓഫിസായും പ്രവർത്തിക്കുന്നത് ഈ നിർമിതിയാണ്.
സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
വലിയ കുഴികളിൽ വീപ്പ ഇറക്കിവച്ച് കോൺക്രീറ്റ് ചെയ്തു. അതിനുമുകളിൽ ജിഐ ഫ്രയിമുകൾ നാട്ടി സ്ട്രക്ചർ ഒരുക്കി. ഇതിനു മുകളിൽ TPI ബോർഡ് വിരിച്ചു അടിത്തറ ഒരുക്കി. ചുവരുകൾ TPI ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ശേഷം മേൽക്കൂര TPI ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു.
വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റാൻ കഴിയും വിധം കനവ്യത്യാസമുള്ള ബോർഡുകൾ ലഭിക്കും എന്നതാണ് TPI ബോർഡുകളുടെ സവിശേഷത. ടൈൽ വിരിക്കാനും മറ്റു ഫർണിഷിങ്ങിനും ഒരു ലക്ഷം ചെലവായി. അധിക ഭംഗിക്കുവേണ്ടി മാത്രമാണ് ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിംഗ് ടൈൽസ് മേൽക്കൂരയിൽ വിരിച്ചത്. സാധാരണഗതിയിൽ നാലു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാം. ഇത്തരത്തിൽ ഭൂമിക്ക് ഭാരമാകാതെ നിർമിക്കുന്ന വീടുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങൾ ആവശ്യപ്പെടുന്നതെന്ന് വീണ്ടുമെത്തി പ്രളയം നമ്മെ ഓർമിപ്പിക്കുന്നു.