വെറും നാല് വയസിനുള്ളിൽ 1000 പുസ്തകങ്ങൾ വായിച്ചു തീർത്ത കൊച്ചുമിടുക്കി. അവസാനം അമേരിക്കയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ വാഷിങ്ടണിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ദാലിയ മാരി അരാന എന്ന പെൺകുട്ടിയെ ഒറ്റ ദിവസത്തെ ലൈബ്രേറിയൻ പദവി നൽകി ആദരിക്കുകയും ചെയ്തു. 2 വയസ്സും 11 മാസവും ഉള്ളപ്പോഴാണു ആദ്യ പുസ്തകം വായിച്ചതെന്നാണ് ദാലിയയുടെ അമ്മ പറയുന്നു.
ശേഷം ഒരു വർഷംകൊണ്ട് ആയിരം പുസ്തകം വായിച്ചെന്ന റെക്കോർഡും അവൾ സ്വന്തമാക്കി. നഴ്‌സറിയിൽ പോകുന്നതിനു മുൻപ് ദാലിയയെക്കൊണ്ട് ആയിരം പുസ്തകങ്ങൾ വായിപ്പിക്കണമെന്നത് അവളുടെ അമ്മയുടെ പദ്ധതിയിരുന്നു. പുസ്തക വായനയോട് വളരെയധികം ഇഷ്ടം പുലർത്തിയിരുന്ന ദാലിയ അമ്മ പ്രോത്സാഹനം നൽകി. ദാലിയ വായിക്കുന്ന പുസ്തകങ്ങൾ അമ്മ കുറിച്ച് വയ്ക്കുകയും തെറ്റ് പറ്റുമ്പോൾ അത് തിരുത്തികൊടുക്കുകയും ചെയ്തു.
വായിച്ചതിൽ ദാലിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഗ്രീക്ക് പുരാണകഥകളാണ്. വെളുത്ത വർഗക്കാർ പഠിക്കുന്ന സ്‌കൂളിൽ പ്രവേശനം നേടിയ ആദ്യ കറുത്ത വംശജയായ റൂബി ബ്രിഡ്ജസിന്റെ എഴുത്തുകളോടു ദാലിയയ്ക്കു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ കുഞ്ഞനുജനെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണു ദാലിയ. വലുതാകുമ്പോൾ ദിനോസറുകളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധയാകണമെന്ന ആഗ്രഹത്തോടെയാണ് ദാലിയയുടെ വായന പുരോഗമിക്കുന്നത്.