rain

കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ സെന്ററുകളും പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അതാത് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മലപ്പുറത്ത് കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും രക്ഷാപ്രവർത്തകർ താമസിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അതേസമയം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ അംഗൻവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ജലനിരപ്പ് കുറയാത്തതിനാലും, ഗതാഗതം പൂർവസ്ഥിതിയിൽ ആക്കാൻ കഴിയാത്തതിനാലാണ് അവധി. അതേസമയം ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിലും ഇന്ന് അവധിയാണ്.