biker

ആലപ്പുഴ: വാഹനം ഓടിക്കുന്നയാൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കണമെന്ന് അടുത്തിടെയാണ് തീരുമാനിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തവർക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം. ബോധവത്കരണം പൂർത്തിയാക്കിയതിന് ശേഷം കർശനമായ നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ അതെല്ലാം തെറ്റിച്ചാൽ എന്തായിരിക്കും സ്ഥിതി. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ സംഭവത്തിൽ ഒരു ട്വിസ്‌റ്റുണ്ടെന്ന് മാത്രം.

വീഡിയോ ഇങ്ങനെ, പൊലീസ് വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്ന ആക്‌ഷൻ കാമറയിലെ ദൃശ്യങ്ങളാണിത്. പൊലീസ് വാഹനത്തിന് പിന്നാലെ എത്തുന്ന ബൈക്കുകാരൻ മുന്നിൽ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെൽറ്റൊക്കെ ഇടാം എന്ന് പറയുന്നിടത്താണ് തുടക്കം. എന്നാൽ ബൈക്കുകാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനത്തിലിരുന്ന പൊലീസുകാരൻ സീറ്റ് ബെൽറ്റിടാൻ തയ്യാറാകുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ബൈക്കുകാരൻ ചോദിക്കുമ്പോൾ ഞങ്ങൾ സീറ്റ് ബെൽറ്റിടാതെ ഇരുന്നാൽ തനിക്കെന്ത് വേണമെന്നാണ് പൊലീസുകാരുടെ മറുചോദ്യം. ഇനിയാണ് മാസ്, സാധാരണക്കാരനാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ചോദിച്ച് പൊലീസ് വാഹനത്തിന് കുറുകെ ബൈക്കുവച്ച യുവാവ് പൊലീസ് വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നു. തുടർന്ന് ഇത് വിജിലൻസിന്റെ വണ്ടിയാണെന്നും ഞങ്ങൾ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരൻ ബൈക്കുകാരനോട് മറുപടി നൽകുന്നുണ്ട്. പൊലീസുകാരുടെ പേരും വിവരവും ചോദിച്ച് മനസിലാക്കുന്ന ബൈക്കുകാരൻ അവരെകൊണ്ട് സീറ്റ് ബെൽറ്റ് ഇടീക്കാൻ നിർബന്ധിക്കുന്നു. ഒടുവിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന പൊലീസുകാരുടെ ദൃശ്യവും വീഡിയോയിലുണ്ട്. കെ.എൽ.01.ബി.ആർ.9471 എന്ന നമ്പരിലുള്ള പൊലീസ് വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇതാരുടെ വാഹനമാണെന്നോ വീഡിയോ എന്ന് ചിത്രീകരിച്ചുവെന്നോ ചിത്രീകരിച്ചത് ആരാണെന്നോ വ്യക്തമല്ല. ആലപ്പുഴ ടൗണിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ കാണാം...

അതേസമയം, ഇക്കാര്യത്തെ പറ്റി ആലപ്പുഴ പൊലീസിൽ അന്വേഷിച്ചെങ്കിലും തങ്ങൾക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പ്രതികരണം ലഭിച്ചത്. ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും വ്യക്തമാക്കി.എന്നാൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാ രാജിൽ മാത്രേമ കണ്ടിട്ടുള്ളൂ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.