തിരുവനന്തപുരം : സമൂഹത്തിൽ കസ്റ്റഡി മരണവും, ലോക്കപ്പ് മർദ്ദനങ്ങളിലും പ്രതിസ്ഥാനത്ത് പൊലീസ് നിൽക്കുമ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ കേരള പൊലീസിന്റെ ഇടപെടൽ എന്നും കൈയ്യടി നേടിയിരുന്നു. വിമർശനങ്ങളെ അംഗീകരിച്ചും, പരിഹസിക്കുന്നവർക്ക് അതേ നാണയത്തിൽ ട്രോളടിച്ചുമെല്ലാം മുന്നേറിയ പൊലീസിന്റെ ഫേസ്ബുക്കിലെ ഇടപെടലുകൾ ഏറെ പ്രശംസിക്കപ്പെട്ടതാണ്. എന്നാൽ ഇന്നിതിനെല്ലാം അപവാദമായി വിമർശിച്ചാൽ അവരെ ബ്ളോക്ക് ചെയ്യുന്ന തരത്തിലേക്ക് പൊലീസിന്റെ ഇടപെടലുകൾ താഴ്ന്നിരിക്കുന്നു.
മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നും നിരവധി വീഴ്ചകളുണ്ടായിരുന്നു. പ്രതി മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികളടക്കം മൊഴിനൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ ചർച്ചയായതോടെയാണ് കടുത്ത വെട്ടിനിരത്തൽ കേരളപൊലീസ് ഫേസ്ബുക്കിൽ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ കമന്റിട്ട സിറാജ് പത്രത്തിലെ സബ്എഡിറ്ററെയാണ് കേരള പൊലീസ് ബ്ലോക്ക് ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. സാധാരണയായി കമന്റിടുന്നവർക്ക് മറുപടിനൽകാൻ ഉത്സാഹം കാണിക്കുന്ന പേജ് അഡ്മിൻ ഈ വിഷയത്തെകുറിച്ചുള്ള കമന്റുകൾക്ക് മൗനം പാലിക്കുന്നതായിരുന്നു പതിവ് രീതി. എന്നാൽ ഇപ്പോൾ ഇതു ഒരു പടി കൂടി കടന്ന് ബ്ലോക്ക് ചെയ്യുന്നതിലേക്ക് എത്തിയിരിക്കുന്നു.
സാധാരണയായി ആവിഷ്‌കാരസ്വാതന്ത്രത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും കേരളത്തിനെ മാതൃകയായി ഉയർത്തിക്കാണിക്കുന്ന ഭരണാധികാരികൾ സോഷ്യൽ മീഡിയയിലെ പൊലീസ് മാമന്റെ ബ്‌ളോക്ക് അസുഖത്തെ എന്തു പേരിൽ വിളിക്കും ? സോഷ്യൽ മീഡിയ ചോദിക്കുന്നു.