തിരുവനന്തപുരം: ഗൾഫ് നാടുകളിലെ അവധിക്കാലം അവസാനിക്കുന്നതോടെ കേരളത്തിൽ നിന്നുമുള്ള വിമാന ടിക്കറ്റ് കുത്തനെ കൂട്ടി വിമാനകമ്പനികൾ. ആഗസ്റ്റ് അവസാന വാരം മുതൽ ഗൾഫിലേക്കുള്ള വിമാനടിക്കറ്റുകളിൽ നാലിരട്ടിയിലധികം വർദ്ധനവാണ് വിമാനകമ്പനികൾ കൊണ്ടു വന്നിരിക്കുന്നത്. ചില വിമാന കമ്പനികളാകട്ടെ ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കാൻ പദ്ധതിയിടുന്നത്. ഷാർജ, ദോഹ, ബഹ്‌റൈൻ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളിലും വൻ വർദ്ധനവാണ് കമ്പനികൾ കൊണ്ടുവന്നിരിക്കുന്നത്.
5000 മുതൽ 12,000 അധികം പണം ഈ കമ്പനികൾ ഗൾഫ് മലയാളികളിൽ നിന്നും ഈടാക്കും. സെപ്തംബറിലാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നത്. ഈ സമയം നോക്കി ഗൾഫിലേക്ക് തിരികെ പോകുന്നവരേയും പെരുന്നാൾ ആഘോഷിച്ച് മടങ്ങുന്ന മലയാളികളേയുമാണ് ഈ നിരക്ക് വർദ്ധന പ്രതികൂലമായി ബാധിക്കുക. മറ്റ് കമ്പനികൾക്കൊപ്പം ഇന്ത്യൻ കമ്പനി എയർ ഇന്ത്യയും തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാർജുകളും കമ്പനികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള മിക്ക സർവീസുകളും ദുബായ് വഴിയാണ്.
വി. മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു. അന്ന്, തങ്ങൾ നിരക്ക് കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചതുമാണ്. ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പോകുന്ന ഗള്‍ഫ് എയറില്‍ 66,396രൂപയാണ് ടിക്കറ്റിന്റെ വില. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് 31,685 രൂപയും, സ്‌പൈസ് ജെറ്റിന് 22,635 രൂപയുമാണ്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പോകുന്ന എത്തിഹാദിന് 47,100രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിനാകട്ടെ 26,887രൂപയാണ് ടിക്കറ്റ് നിരക്ക്.