കുഴിത്തുറ: തിരുവിതാംകൂർ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു കോട്ടയാണ് കന്യാകുമാരിയുടെ ബേക്കൽ കോട്ട എന്നറിയപ്പെടുന്ന വട്ടക്കോട്ട. തിരുവിതാംകൂറിലെ വേണാട് രാജാക്കന്മാരാൽ പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഒരു കടലോര കോട്ടയാണിത്. പൂർണമായും കരിങ്കല്ല് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 1741ൽ മാർത്താണ്ഡവർമയാണ് ഇന്നു കാണുന്ന നിലയിൽ കോട്ട പണിതത്. കോട്ടയുടെ ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പശ്ചിമഘട്ടവുമാണ്. മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയ്ക്ക് 25 അടി ഉയരമുള്ള കൂറ്റൻ മതിലുണ്ട്. മുൻഭാഗത്ത് 29 അടിയും പിന്നിൽ ആറടിയും വശങ്ങളിൽ 18 അടിയുമാണ് മതിലിന്റെ കനം. കോട്ടയുടെ ഒരു ഭാഗം കടലിലേക്കു തള്ളിയ നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്.
കോട്ടയ്ക്കുള്ളിൽ മൂന്ന് മണ്ഡപങ്ങളുണ്ട്. പട്ടാളക്കാരുടെ വിശ്രമത്തിനും ആയുധശേഖരത്തിനുമുള്ള മുറികൾ ഇതിന് ചുറ്റുമുണ്ട്. ഈ മുറികൾക്ക് മുകളിലായാണ് കൊത്തളങ്ങളും നിരീക്ഷണ ഭാഗങ്ങളും. ഇവിടേക്ക് എത്താൻ പടികളും കൊത്തളങ്ങളിലേക്ക് പീരങ്കികളും മറ്റും എത്തിക്കാൻ ചരിഞ്ഞ പാതകളും കാണാം. മുകളിലേക്ക് എത്തിയാൽ വിശാലമായ മറ്റൊരു ഭാഗം കാണാം. ഇതിന്റെ കീഴ്ഭാഗം ഇപ്പോൾ കടലിനുള്ളിലാണ്. ത്രിവേണി സംഗമ സ്ഥാനമായ കന്യാകുമാരിയിലുള്ള വട്ടക്കോട്ടയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കടലിൽ ഒരു ഭാഗം അറബിക്കടലും മറുഭാഗം ബംഗാൾ ഉൾക്കടലുമാണ്. ഇരു കടലുകളുടെയും വ്യത്യാസം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാനും സാധിക്കും. കന്യാകുമാരി പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന വട്ടക്കോട്ട ഇപ്പോൾ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത കേന്ദ്രമാണ്. ഇപ്പോൾ തമിഴ്നാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമായും വട്ടക്കോട്ട വളർന്നു.
ചരിത്രം പറയുന്നത്
ഇരുപത്തിയഞ്ച് അടി ഉയരവും ഇരുപത്തൊമ്പത് അടി കനവും ഉള്ളതാണ് ഇതിന്റെ മുൻഭാഗം.ആദ്യം ഡച്ച് നാവിക സേനാ നായകനും പിന്നീട് തിരുവിതാംകൂർ പടത്തലവനുമായിരുന്ന ക്യാപ്ടൻ ഡെലിനോയിയുടെ നേതൃത്വത്തിലാണ് ഈ കോട്ട പണികഴിപ്പിച്ചത്. കുളച്ചൽ യുദ്ധകാലത്ത് ഡച്ച് നാവികനായിരുന്ന ഡെലിനോയി യുദ്ധ പരാജയത്തിന് ശേഷം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വാസം നേടിയെടുത്ത് തിരുവതാംകൂറിന്റെ പടത്തലവനാകുകയായിരുന്നു. എന്നാൽ പാണ്ഡ്യ രാജാക്കൻമാരുടെ കാലത്ത് തന്നെ ഈ കോട്ട നിലവിലുണ്ടായിരുന്നെന്നും ഡെലിനോയി ഇതിനെ ശക്തിപ്പെടുത്തുക മാത്രമാണുണ്ടായെതെന്നും പുരാവസ്തു ഗവേഷകർക്കിടയിൽ അഭിപ്രായമുണ്ട്. പ്രവേശനം സൗജന്യം തിരുവനന്തപുരത്ത് നിന്ന് റോഡ് മാർഗം ഇവിടെ എത്തിച്ചേരാം. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ കന്യാകുമാരിയാണ്. പ്രവേശന സമയം രാവിലെ 8മണി മുതൽ വൈകിട്ട് 5വരെ. തിരുവനന്തപുരത്തു നിന്ന് 93 കിലോമീറ്റർ.
പണിതത് 1741ൽ
സ്ഥിതിചെയ്യുന്നത് 3.5 ഏക്കർ
കന്യാകുമാരിയിൽ നിന്ന് 7 കി.മീ