അടുത്ത ദിവസം.
എം.എൽ.എ ശ്രീനിവാസ കിടാവ് പ്രജീഷിനെയും ചന്ദ്രകലയെയും തന്റെ അമ്യൂസ്‌മെന്റ് പാർക്കിലേക്കു ക്ഷണിച്ചു.
രാവിലെ പത്തുമണിക്ക് രാമഭദ്രന്റെ പഴയ കാറിൽ ഇരുവരും അവിടെയെത്തി.
വാച്ചർ ഗേറ്റു തുറന്നുകൊടുത്തു. പ്രജീഷ് തല പുറത്തേക്കു നീട്ടി:
''കിടാവ് സാറ്.....?"
''അകത്തുണ്ട്." വാച്ചർ പറഞ്ഞു.
ഓഫീസിനു മുന്നിൽ കിടാവിന്റെ ബൻസ് കാർ കിടപ്പുണ്ടായിരുന്നു. അതിനരുകിൽ തങ്ങളുടെ കാർ നിർത്തി ഇരുവരും ഇറങ്ങി.
തെല്ല് അപ്പുറത്ത്, മുറ്റത്തോടു ചേർന്നുള്ള ഗാർഡനിൽ, കൈവരിയിൽ പിടിച്ച് താഴേക്കു നോക്കിനിൽക്കുകയായിരുന്നു കിടാവ്.
ഇരുവരും അയാൾക്കടുത്ത് എത്തി.
താഴെ, വെള്ളം അഴിച്ചുവിട്ട് വറ്റിച്ച സിമ്മിംഗ് പൂളിലേക്കായിരുന്നു കിടാവിന്റെ കണ്ണുകൾ.
''സാർ..." ചന്ദ്രകല വിളിച്ചു:
കിടാവ് ദീർഘമായി നിശ്വസിച്ചുകൊണ്ട് തിരിഞ്ഞു. പിന്നെ താഴേക്കു കൈ ചൂണ്ടി.
''കണ്ടില്ലേ... ആ പൂളിൽ വെള്ളം ശേഖരിച്ചു നിർത്തിയാൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു പറഞ്ഞ് കോടതി തുറന്നു വിടീച്ചതാ... എന്റെ കോടിക്കണക്കിനു രൂപ ഇങ്ങനെ 'ഡെഡ് മണി"യായി കിടക്കുന്നതിൽ ആർക്കും ചേതമില്ലല്ലോ..."
''അടുത്ത കാലത്തൊന്നും ഇത് റീ - ഓപ്പൺ ചെയ്യാൻ കഴിയില്ലേ സാറേ?"
ചോദിച്ചത് പ്രജീഷാണ്.
''ആർക്കറിയാം. നമ്മുടെ മിനിസ്റ്ററി വന്നാൽ പറ്റിയേക്കും. പക്ഷേ അതിനും ഇനി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണ്ടേ? അപ്പോഴേക്കും മെഷീനുകൾ തുരുമ്പെടുക്കും."
കിടാവ് മെല്ലെ നടന്നു:
''അപ്പോൾ ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടിവരും. അല്ലെങ്കിൽ ആരെങ്കിലും വീണുമരിച്ചാൽ അടുത്ത പൊല്ലാപ്പാകും. വലിയ കമ്പനിക്കാരുടെ പാർക്കുകളിൽ ഡസൻ കണക്കിന് ആളുകളുടെ കാലൊടിഞ്ഞിട്ട് ഇവിടുത്തെ മീഡിയക്കാർ പലരും കണ്ണടച്ചു. മിണ്ടിയാൽ കോടിക്കണക്കിന് രൂപയുടെ 'പരസ്യം" നഷ്ടമാകുമല്ലോ..."
അവർ ഓഫീസിന്റെ വാതിൽക്കൽ എത്തി.
കിടാവ് ഗ്ളാസ് ഡോർ തള്ളിത്തുറന്നു. അകത്തുനിന്ന് എസിയുടെ തണുപ്പ് പുറത്തേക്കു തള്ളി.
''ഇരിക്ക്." കസേരകളിലേക്ക് ആംഗ്യം കാണിച്ചിട്ട് എതിരെ കിടാവും ഇരുന്നു.
അല്പനേരത്തെ സംഭാഷണം. തുടർന്ന് കിടാവ് കാര്യത്തിലേക്കു വന്നു.
''നമ്മുടെ ഡീലിനെക്കുറിച്ചൊക്കെ നിങ്ങൾ ചിന്തിച്ചുകാണുമെന്ന് കരുതുന്നു ഞാൻ."
''ചിന്തിച്ചു. അതിനിടയ്ക്കായിരുന്നല്ലോ കാർ വിഷയം..."
കിടാവിനെ കൊതിപ്പിക്കുന്ന രൂപത്തിൽ അല്പം ചരിഞ്ഞിരുന്നു ചന്ദ്രകല.
അയാൾ അവളുടെ പാൽപ്പാട പോലെയുള്ള അണിവയറിലേക്ക് ഒന്നു നോക്കി.
''ആരാണ് കാർ കൊണ്ടുപോയി നദിയിൽ കളഞ്ഞതെന്ന് അറിയില്ല. അല്ലേ?"
''ഇല്ല സാർ... ഫിംഗർ പ്രിന്റ് എക്സ്‌പേർട്ട് സ്റ്റീയറിംഗ് വീലും ഗിയർ ലിവറുമൊക്കെ പരിശോധിച്ചു. സംശയിക്കുന്ന ഒരടയാളം പോലും കിട്ടിയില്ല."
ചന്ദ്രകല സാരി അല്പം വലിച്ചിട്ടു.
''അപ്പോൾ നമ്മുടെ വിഷയം. നിങ്ങൾ, എല്ലാത്തിനും കൂടി എത്ര പ്രതീക്ഷിക്കുന്നു?"
കിടാവ് രണ്ടുപേരെയും മാറി മാറി നോക്കി.
മറുപടി നൽകിയത് ചന്ദ്രകലയാണ്.
''സാറിനോട് ഞങ്ങൾ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ... എന്നാലും മാർക്കറ്റ് വാല്യു അനുസരിച്ച് നൂറുകോടിയോളം കിട്ടും. പിന്നെ സാറാണല്ലോ തീരുമാനിക്കേണ്ടത്."
കിടാവിന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നിപ്പൊലിഞ്ഞു.
''ഞാൻ ഒരു വില നിശ്ചയിച്ചിട്ടുണ്ട്. അതിന് ഒരു മാറ്റത്തിനും ഞാൻ തയ്യാറല്ലെന്ന് ആദ്യമേ പറയാം. നിങ്ങൾക്കു സമ്മതമാണെങ്കിൽ നാളെത്തന്നെ കരാർ എഴുതാം."
''സാറ് പറയൂ..."
പ്രജീഷും ചന്ദ്രകലയും കാതു കൂർപ്പിച്ചു.
കിടാവ് ഒരു സിഗററ്റ് കത്തിക്കാനുള്ള സമയമെടുത്തു. ശേഷം പറഞ്ഞു:
''അൻപത്. അൻപതു കോടി. അതാണെന്റെ തീരുമാനം."
ചന്ദ്രകലയും പ്രജീഷും പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിച്ചു.
''വില വളരെ കുറവാണ്. എങ്കിലും സാറിനോട് ഞങ്ങൾ കൂട്ടിത്തരാൻ പറയില്ല."
ചന്ദ്രകലയുടെ ശബ്ദത്തിൽ ഒരു പതർച്ച വന്നു.
കിടാവ് അത് അവഗണിച്ചു.
''അങ്ങനെയെങ്കിൽ പത്തുകോടി അഡ്വാൻസ്. ക്യാഷായിട്ടായിരിക്കും ഞാൻ തരിക. ഇൻകംടാക്സിന്റെ വിഷയമുണ്ടാകും. പിന്നെ ബാക്കിത്തുക ആറു മാസത്തിനുള്ളിൽ. എന്താ?"
''സമ്മതം." പ്രജീഷും ചന്ദ്രകലയും തലയാട്ടി.
എത്രയും വേഗം കോവിലകം വിടണം എന്നൊരു ചിന്തയേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു.
''എങ്കിൽ ബാക്കി കാര്യങ്ങൾ നാളെ. പതിനൊന്നു മണിക്ക് നമ്മൾ കരാറെഴുതും. പ്രമാണങ്ങൾ ഇന്നുതന്നെ എടുത്തു വച്ചേക്കണം."
കിടാവ് എഴുന്നേറ്റു.
''എനിക്ക് ഒരാളെ കാണാനുണ്ട്. ക്യാഷ് അറേഞ്ചു ചെയ്യണമല്ലോ..."
ചന്ദ്രകലയും പ്രജീഷും എഴുന്നേറ്റു. അടുത്ത ദിവസം തന്നെ കോവിലകം വിടണമെന്ന ചിന്തയോടെ.
(തുടരും)