kerala-flood

തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയദുരിതാശ്വാസത്തിലേക്ക് പിരിച്ച കോടികൾ ഒരുവർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയില്ല. പ്രളയ പുനർനിർമാണത്തിനായി കഴിഞ്ഞവർഷം കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് പിടിച്ചത് 136 കോടിരൂപയാണ്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വർഷം കൊണ്ടാണ് 136 കോടി രൂപ പിടിച്ചത്. എന്നാൽ,​ ഇതിൽ നിന്നും 126 കോടി ഇതുവരെയും നൽകിയിട്ടില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. ജീവനക്കാർ തങ്ങളുടെ സ്വന്തം ശമ്പളത്തിൽ നിന്ന് നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല. 2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതം ബോർഡ് പിടിച്ചെടുത്തു. സാലറി ചലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.

ഓരോ മാസവും ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക എന്നതാണ് സാധാരണയുള്ള രീതി. കഴിഞ്ഞ സപ്‌റ്റംബർ മുതലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി. കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെ‌പ്‌തംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിരുന്നു. അതിന് പുറമേയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്. അതേസമയം, കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.