തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെയും സഹയാത്രിക വഫ ഫിറോസിന്റെയും ലൈസൻസ് ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപരം ആർ.ടി ഒ അറിയിച്ചു. ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയാകേണ്ട കാലതാമസം മാത്രമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 15 ദിവസം കഴിഞ്ഞിട്ടും ശ്രീറാമോ വഫയോ നോട്ടിസിന് മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം മട്ടാഞ്ചേരിയിൽ നിന്നും വഫ ആറ്റിങ്ങലിൽ നിന്നുമാണ് ലൈസൻസ് എടുത്തത്.ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു.
'ഇവരുടെ ലൈസൻസ് റദ്ദാക്കുക എന്ന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കേണ്ടതാണ്. അതിൽ മനപ്പൂർവമായ കാലതാമസമുണ്ടോ എന്ന കാര്യത്തെപ്പറ്റി പരിശോധിക്കാൻ ട്രാൻസ്പോർട്ട് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മനപ്പൂർവമായി സംഭവിച്ചതാണെങ്കിൽ നടപടിയുണ്ടാകും. ശ്രീറാമിന്റെയും വഫയുടേയും ലൈസൻസ് ഇന്ന് റദ്ദാക്കും'-ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇരുവരുടെയും ലൈസൻസ് റദ്ദാക്കുന്നതിൽ കാലതാമസമുണ്ടായെന്ന വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഒരാളുടെ ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയും അയാൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യണമെന്നാണ് നിയമം എന്ന മോട്ടോർ വാഹന വകുപ്പ് പറയുന്നു. വഫ ഫിറോസിന്റെ കാർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഈ സംഭവത്തിന് മുമ്പ് അമിത വേഗതയിൽ കാറോടിച്ചതിന് രണ്ടുപ്രാവശ്യവും ഗ്ലാസുകൾക്ക് കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിന് ഒരു പ്രാവശ്യവും വഫയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ മൂന്ന് നോട്ടീസുകൾക്കും വഫ പിഴ അടയ്ക്കുകയും ചെയ്തു.