ന്യൂഡൽഹി : കഴിഞ്ഞ വർഷം പെരുന്നാളിൽ പങ്കെടുക്കാനായി അവധിയിൽ നാട്ടിലേക്ക് പോകവേ പുൽവാമയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന്റെ രണ്ട് സഹോദരങ്ങളും സൈന്യത്തിന്റെ ഭാഗമായി. ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് താരിഖ്, ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് ഷാബിർ എന്നിവരാണ് ടെറിട്ടോറിയൽ ആർമിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം രജൗരിയിൽ നടന്ന ചടങ്ങിലൂടെയാണ് ടെറിട്ടോറിയൽ ആർമിയുടെ പുതിയ ബാച്ചിലേക്ക് സഹോദരങ്ങൾ ഭാഗമായത്. പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി കൂടുതൽ പരിശീലനങ്ങളിലേക്ക് പുതിയ ബാച്ച് പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജേഷ്ഠന്റെ പാത തങ്ങൾ പിന്തുടരുകയാണെന്നും, രാജ്യം കാക്കുന്നതിനായി ജീവൻ നൽകാനും മടികാട്ടില്ലെന്നും ഔറംഗസേബിന്റെ സഹോദരങ്ങൾ പ്രതികരിച്ചു.
മൂത്തമകൻ രാജ്യത്തിനായി വീരമൃത്യു വരിച്ച് കുടുംബത്തിന് നഷ്ടമായപ്പോഴും ഇളയ സഹോദരങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കുടുംബം അഭിമാനിക്കുകയാണ് ചെയ്തത്. മക്കളെ രാജ്യസ്‌നേഹത്തിനായി വിട്ടുനൽകുന്നതിൽ മാതാവ് രാജാബീഗത്തിനും പിതാവ് മുൻസൈനികൻ കൂടിയായ ഹനീഫിനും നൂറുവട്ടം സമ്മതമായിരുന്നു. നാട്ടിലേക്ക് മടങ്ങവേ മകനായ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി ഭീരുക്കൾ കൊലപ്പെടുത്തുകയായിരുന്നു, സൈന്യത്തിൽ ചേർന്ന രണ്ടു മക്കളും അവരുടെ ജേഷ്ടന്റെ കൊലപാതകത്തിന് തീവ്രവാദികളോട് പകരം ചോദിക്കുമെന്നും പിതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സൈന്യത്തിൽ നിന്നും വിരമിച്ചശേഷം ബി.ജെ.പിയിൽ ചേർന്ന ഹനീഫ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലികളിലടക്കം പാർട്ടിയുടെ ചുമതലക്കാരനായി മുൻനിരയിലുണ്ടായിരുന്നു.