ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പകരമായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണം രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവങ്ങളിലൊന്നായിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ ഏത് സമയവും യുദ്ധസജ്ജമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു യൂണിറ്റ് സ്ഥാപിക്കുമെന്ന് സൈനിക വൃത്തങ്ങൾ സൂചന നൽകിയത്. യുദ്ധസജ്ജമായ കരസേനാ യൂണിറ്റ് (ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് IBG) സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാലാൾപ്പടയ്‌ക്ക് പുറമെ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമവിഭാഗം, എഞ്ചിനീയർമാർ തുടങ്ങിയ സേനാംഗങ്ങളെ ഉൾപ്പെടുത്തിയാകും യൂണിറ്റ് രൂപീകരിക്കുന്നത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഒക്‌ടോബർ അവസാനത്തോടെ ഈ യുണിറ്റിനെ പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കും.
യുദ്ധമില്ലാത്ത സാഹചര്യങ്ങളിൽ പോലും ശത്രുവിനെതിരെ കൃത്യവും മാരകവുമായ മിന്നലാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന സൈനിക പരിശീലനത്തിൽ ഈ യുണിറ്റിന്റെ മാതൃക സേന വിജയകമായി പരീക്ഷിച്ചിരുന്നു. പാക് അതിർത്തിയിൽ വിന്യസിച്ചതിന് പിന്നാലെ സമാനമായ മറ്റൊരു യൂണിറ്റിനെ ചൈനീസ് അതിർത്തിയിലേക്കും നിയോഗിക്കാൻ സേനയ്‌ക്ക് ആലോചനയുണ്ട്. രണ്ട് വിഭാഗമായി തിരിഞ്ഞായിരിക്കും ബാറ്റിൽ യൂണിറ്റിന്റെ പ്രവർത്തനം. അതിർത്തി കടന്നുള്ള ആക്രമണം അടക്കം സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ആദ്യത്തെ വിഭാഗം (സ്ട്രൈക്ക് കോർപ്‌സ്), ശത്രുവിൽ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ വിഭാഗം (ഹോൾഡിംഗ് കോർപ്‌സ്). ഇത്തരത്തിലുള്ള മൂന്ന് സംഘങ്ങളെയാണ് പാക് അതിർത്തിയിൽ വിന്യസിക്കുന്നത്. ഓരോ സംഘത്തിലും 5000 സേനാംഗംങ്ങൾ എങ്കിലും ഉണ്ടാകുമെന്നാണ് വിവരം. സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക
ഇന്ത്യൻ സൈന്യത്തിന്റെ ഗെയിം ചേഞ്ചർ
അതേസമയം, ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് ഇന്ത്യൻ പ്രതിരോധ രംഗത്തെ ഗെയിം ചേഞ്ചർ ആകുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധരുടെ അഭിപ്രായം. പരമ്പരാഗതമായി ഇന്ത്യൻ സൈന്യം യുദ്ധരംഗത്ത് സ്വീകരിച്ചുവരുന്ന തന്ത്രങ്ങളിൽ നിന്നും വിഭിന്നമാണ് ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പിന്റെ പ്രവർത്തന രീതി. മറ്റ് യൂണിറ്റുകളിൽ നിന്നും വിഭിന്നമായി അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് തന്നെ തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും വിദഗ്‌ദ്ധർ പറയുന്നു.