പ്രളയദുരിതാശ്വാസം ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പരാമർശം ഏറെ വിവാദമായിരുന്നു. ഒരു ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ധർമ്മജൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 'കഴിഞ്ഞ പ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടെന്ന് തന്നെ എത്തി. എന്നാൽ ഈ പണം ദുരിതബാധിതരിലേക്ക് എത്തിക്കാൻ മാത്രം ഒരു സംവിധാനവും സംസ്ഥാനത്ത് ഉണ്ടായില്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എം.പിമാരുണ്ട് എം.എൽ.എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടർ, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. എന്നിട്ടും ജനങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. താരസംഘടനയായ അമ്മ അഞ്ച് കോടിരൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത്. എന്നാൽ ഇതൊന്നും എന്തു ചെയ്‌തുവെന്ന് അറിയില്ല', തുടങ്ങിയ വിമർശങ്ങളാണ് ധർമ്മജൻ ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ നടൻ ജോജു ജോർജ് ധർമ്മജന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ധർമ്മജൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും, താൻ കണ്ടിട്ടുള്ള സിനിമാക്കാരിൽ ഏറ്റവും ജെനുവിനായിട്ടുള്ള മനുഷ്യനാണ് ധർമ്മജനെന്നും ജോജു പറയുന്നു.
ജോജുവിന്റെ വാക്കുകൾ-
'സത്യം പറഞ്ഞാൽ ധർമ്മൻ പറയുമ്പോഴാണ് ഞാൻ ഈ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇതിന്റെ വസ്‌തുത എന്താണെന്ന് അറിയാതെ ഞാനിതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഒരു തമാശ റോളുകൾ ചെയ്യുന്ന നടൻ എന്നതിലുപരി എനിക്ക് ധർമ്മജനെ അറിയാം. നന്നായി വായിക്കുകയും, നല്ല ആശയപരമായ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യമുണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം'.
എന്നാൽ ഇക്കാര്യത്തിൽ രാഷ്‌ട്രീയക്കാരെ മാത്രം കുറ്റം പറയാൻ ആകില്ലെന്നും ഉദ്യോഗസ്ഥർക്കും വളരെയധികം പങ്കുണ്ടെന്ന് ജോജു വിമർശിക്കുന്നു. സിസ്‌റ്റം അവരുടെ കൈയിലാണ്. കാര്യങ്ങൾ നടപ്പിലാക്കേണ്ടതും അവരാണ്. തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായി ഒരു വില്ലേജ് ഓഫീസിൽ 15 ദിവസത്തോളം നടക്കേണ്ടി വന്നതായും ജോജു പറയുന്നു.