deadf-body

ആർപ്പൂക്കര:​ കഴിഞ്ഞ ദിവസം കോട്ടയം ചാലാകരി പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് പശുവിനെക്കെട്ടാൻ പോയ വീട്ടമ്മ കണ്ടത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മനുഷ്യ ശരീര ഭാഗങ്ങളായിരുന്നു. ആദ്യം വീട്ടമ്മ കരുതിയിരുന്നത് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഇവിടെ കൊണ്ടിട്ടതാണെന്നാണ്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എബാം ചെയ്തതിന്റെ അവശിഷ്ടങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് എത്തിയതോടെയാണ് മനസിലായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ഭാഗത്തെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽകുമാർ(34)​പെരുമ്പായിക്കാട് മടുക്കുംമൂട് ചിലമ്പത്തുശേരിൽ ക്രിസ്‌മോൻ ജോസഫ് (38)​ എന്നിവരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് വീട്ടമ്മ മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ടത്. പേടിതോന്നിയ ഇവർ ആ വഴി വന്ന ആർപ്പൂക്കര പഞ്ചായത്ത് ജീപ്പ് തടഞ്ഞ് കാര്യം പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് അധികൃതരും സംഭവ സ്ഥലത്തെത്തി.

സമീപത്തുള്ള ഏതൊക്കെ ആശുപത്രികളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം എബാം ചെയ്തതെന്ന് പരിശോധിച്ചു. ഒടുവിൽ ആശുപത്രി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ സുനിൽകുമാറിനും ക്രിസ്‌മോൻ ജോസഫിനും എൺപത്തിനാലുകാരിയുടെ ശരീര ഭാഗങ്ങൾ മറവുചെയ്യാനായി നൽകിയ കാര്യം ആശുപത്രി അധികൃതർ പറഞ്ഞു. ഇതിനായി 15000 രൂപയും നൽകി. ഈ മാസം 17നാണ് ഇത് പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് ശരീരഭാഗങ്ങൾ തള്ളിയത്.