sexual-abuse

സ്‌കൂളിൽ വച്ച് തലകറങ്ങി വീണതിനെ തുടർന്ന് പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായത്. ഡോക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി പെൺകുട്ടിയെ കണ്ടപ്പോഴാണ് പീഡനം നടന്ന കാര്യം പുറത്തറിയുന്നത്. എന്നാൽ ഈ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കേവലം പതിനൊന്ന് വയസുള്ള ബാലനാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ബന്ധുവായ പതിനൊന്ന് കാരനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പക്ഷേ കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവായ പതിനൊന്ന് കാരനാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധ കൂടി നടത്തുവാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിൽ വച്ച് കുട്ടിയുടെ ഗർഭം അലസിപ്പിച്ചിരുന്നു, ചാപിള്ളയായി പുറത്തുവന്നതിനാൽ ഡിഎൻഎ ടെസ്റ്റിലൂടെ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് ആരെന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മറ്റാരെങ്കിലും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ആ കുറ്റം ബാലനിൽ ആരോപിക്കുന്നതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഡി.എൻ.എ പിരശോധനയിലൂടെ ഇത് വ്യക്തമാക്കാനാവും.

കേരളത്തിൽ ഇത്തരം ഒരു സംഭവം ആദ്യമായിട്ടല്ല സംഭവിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു ചൈൽഡ് ഓൺ ചൈൽഡ് സെക്സ് അബ്യുസ് കേസ് എറണാകുളം ജില്ലയിലും സംഭവിച്ചിട്ടുണ്ട്. ബാലമനസുകളിൽ ഇത്തരമൊരു കുറ്റവാസന മുളപൊട്ടുന്നതിന്റെയും അതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെങ്ങനെയെന്നും ഡോക്ടർ സി.ജെ.ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ചെറുപ്രായത്തിൽ പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോർണോ ദൃശ്യങ്ങൾ അവരുടെ ലൈംഗീക കാഴ്ചപ്പാടിൽ എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് പ്രവചിക്കുവാൻ കൂടി കഴിയില്ലെന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു. കുട്ടികളെ അടുത്തറിയുക മാത്രമാണ് ഇതിനൊരു പോംവഴി. കുരുത്തക്കേടുകളുടെ മുളകൾ പൊട്ടുമ്പോൾ ശ്രദ്ധിക്കുകയും സ്‌നേഹത്തിന്റെ ഭാഷയിൽ അവരെ പറഞ്ഞു തിരുത്തുകയുമാണ് ചെയ്യേണ്ടതെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലൈംഗീകതയുടെ ബിംബങ്ങൾ പുതു സങ്കേതിക വിദ്യകളിലൂടെ കൗമാര മനസ്സുകളിലേക്ക് ഉരുൾ പൊട്ടലായി ഒഴുകിയെത്തുമ്പോൾ ഇത്തരം പുതു കുറ്റ കൃത്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട് .ഇത് പോലൊരു ചൈൽഡ് ഓൺ ചൈൽഡ് സെക്സ് അബ്യുസ് സാഹചര്യം വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിൽ ഉണ്ടായിട്ടുണ്ട്. അതിലും പെൺകുട്ടി ഗർഭിണിയായി .പ്രസവിച്ചു. പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോർണോ ദൃശ്യങ്ങൾ അവരുടെ ലൈംഗീക കാഴ്ചപ്പാടിൽ ഏതെല്ലാം തരത്തിൽ വിഷം കലർത്തുമെന്ന് പ്രവചിക്കാൻ വയ്യ .'അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്ന കൗമാര പ്രായക്കാരനൊക്കെ അതിന്റെ സാക്ഷ്യങ്ങളാണ്.കുട്ടികളെ അടുത്തറിയുക .കുരുത്തക്കേടുകളുടെ മുളകൾ പൊട്ടുമ്പോൾ ശ്രദ്ധിക്കുക.നേർവഴി സ്‌നേഹത്തോടെ പറഞ്ഞു കൊടുത്തു ആ മുളകൾ നൈസായി പിഴുത് കളയുക .വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചു തന്നെ വേണം ഇതൊക്കെ ചെയ്യാൻ.