താരങ്ങളോടുള്ള സ്നേഹവും ആരാധനയുമൊക്കെ ഓരോരുത്തരും ഓരോ രീതിയിലാണ് പ്രകടിപ്പിക്കുക. ചിലർ താരങ്ങളുടെ ഫോട്ടോയ്ക്ക് പാലഭിഷേകം നടത്തും. മറ്റു ചിലർ താരങ്ങളുടെ പേരിൽ വഴിപാട് നടത്തും. ആരാധനമൂലം കുഞ്ഞിന് ഇഷ്ടതാരങ്ങളുടെ പേരിടുന്നവരും കുറവല്ല. അത്തരത്തിലൊരു ആരാധകനെ കണ്ടുമുട്ടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
ഗുരുവായൂർ സ്വദേശിയായ സുനിലാണ് ആ ആരാധകൻ. ആരാധനമൂത്ത് കുഞ്ഞിന് ഉണ്ണിമുകുന്ദൻ എന്ന പേരാണ് സുനിൽ നൽകിയത്. അതിനാൽത്തന്നെ കുഞ്ഞ് ഉണ്ണിമുകുന്ദന്റെ അച്ഛന് ഇത് സ്വപ്ന സാഫല്യമാണ്. ഏറെ ഇഷ്ടപ്പെടുന്ന താരത്തെ നേരിൽക്കാണാൻ കാത്തിരിക്കുകയായിരുന്നു ഗുരുവായൂർ സ്വദേശിയായ അദ്ദേഹം. രണ്ടുവർഷം മുമ്പാണ് താരം സുനിലിന്റെ ആരാധനയെപ്പറ്റി കേൾക്കുന്നത്.
ആരാധനകൊണ്ട് കുഞ്ഞിന് തന്റെ പേരിട്ടു എന്ന് കേട്ടപ്പോൾ ഉണ്ണിമുകുന്ദന് അതിയായ സന്തോഷം തോന്നി. ഉടൻതന്നെ നമ്പർ തേടിപ്പിടിച്ച് സുനിലിനെ വിളിച്ചു. അപ്രതീക്ഷിതമായി വന്ന ഫോൺകോളിൽ അദ്ദേഹം ഞെട്ടി. എന്നെങ്കിലും നേരിട്ട് കാണാമെന്നും ഉണ്ണിമുകുന്ദൻ തന്റെ ആരാധകന് ഉറപ്പു കൊടുത്തു.
കുഞ്ഞ് ഉണ്ണി മുകുന്ദനെ കണ്ട സന്തോഷം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്കുവച്ചത്. ' ഗുരുവായൂർവച്ചാണ് ഈ കുസൃതിക്കുട്ടിയെ കണ്ടത്. ഇവന്റെ പേര് ഉണ്ണിമുകുന്ദൻ. ഈ പേരിനെക്കുറിച്ചോർത്ത് ഇവൻ സന്തോഷിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഈ കൂടിക്കാഴ്ച എനിക്കൊരു പ്രചോദനമാണ്'-ഉണ്ണിമുകന്ദൻ കുറിച്ചു.