ജമ്മു കാശ്മീർ പുനഃസംഘടനയെ വിമർശിച്ച് ഇന്ത്യാവിരുദ്ധ നിലപാടെടുത്ത ഏക വിദേശരാജ്യമാണ് ചൈന. കോളനി ഭരണത്തിന്റെ ബാക്കിപത്രമായ കാശ്മീരിൽ ഏകപക്ഷീയമായി ഇന്ത്യൻ നടപടി പാടില്ല എന്നാണ് ആർട്ടിക്കിൾ 370 ഉം 35 (എ) യും റദ്ദാക്കിയത് സംബന്ധിച്ച് ചൈനീസ് വിദേശകാര്യമന്ത്രി നടത്തിയ ആദ്യ പ്രസ്താവന. തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ പാകിസ്ഥാന് കാശ്മീർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന നിലപാടിലാണ് ചൈന. കാശ്മീർ പ്രശ്നം 1972 ന് ശേഷം ഐക്യരാഷ്ട്രസഭയിലേക്ക് വലിച്ചിഴച്ചതും ഈ കാരണത്താലാണ്. ചൈനയുടെ ഈ നിലപാട് ഏകപക്ഷീയവും ഇന്ത്യാവിരുദ്ധവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമാണ്.
ഭൗമരാഷ്ട്രീയ താത്പര്യം
ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ അടിസ്ഥാന കാരണം കാശ്മീരുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങളാണ്. യഥാർത്ഥ കാശ്മീരിന്റെ 45 ശതമാനം ഭൂപ്രദേശമാണ് ഇന്ത്യയുടെ കൈവശമുള്ളത്. ബാക്കി 35 ശതമാനം പാകിസ്ഥാന്റെയും 20 ശതമാനം ചൈനയുടെയും കൈവശമാണ്. ജമ്മു കാശ്മീരിനെ ഇന്ത്യ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചപ്പോൾ ചൈനയുടെയും പാകിസ്ഥാന്റെയും കൈവശമുള്ള ബാക്കി ഭാഗങ്ങൾ കൂടി ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. അതായത് പാക് അധിനിവേശ കാശ്മീർ മാത്രമല്ല, ചൈനയുടെ അധീനതയിലുള്ള അക്സായി ചിന്നും 1963 ൽ പാകിസ്ഥാൻ ചൈനയ്ക്ക് കൈമാറിയ കാശ്മീരിന്റെ ചില പ്രദേശങ്ങളും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ഈ നിലപാട് ചൈനയെ അമ്പരപ്പിച്ചിട്ടുണ്ട്. രണ്ട് തലങ്ങളിൽ ഇത് ചൈനയ്ക്ക് തലവേദനയുണ്ടാക്കുന്നു. ഒന്ന്, ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിന്റെ സുപ്രധാനഭാഗമായ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധിനിവേശ കാശ്മീരിലൂടെയാണ്. ഈ പ്രദേശം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞതോടുകൂടി അത് ചൈനയുടെ സാമ്പത്തിക പദ്ധതികളെ ദോഷകരമായി ബാധിക്കും. കൂടാതെ , ലഡാക് കേന്ദ്രഭരണപ്രദേശമായതോടു കൂടി ആ പ്രദേശത്തും അതിർത്തി സംഘർഷം രൂക്ഷമാകും. കാരണം, ലഡാക്ക് ടിബറ്റിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. ചുരുക്കത്തിൽ ജമ്മു കാശ്മീരിന്റെ പുനഃസംഘടന ചൈനയുടെ ഭൗമരാഷ്ട്ര താത്പര്യങ്ങളെയും സങ്കീർണമാക്കും. രണ്ട്, പുനഃസംഘടനാ നടപടി തെക്കേ ഏഷ്യയിൽ ചൈനയുടെ മേധാവിത്വത്തിന് വഴങ്ങിക്കൊടുക്കാൻ ഇന്ത്യ തയാറല്ല എന്ന സന്ദേശം നൽകുന്നു. ഇത് ചൈനയെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. ഇനി പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമേ ചർച്ചയുള്ളൂ എന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവനയും ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ചുരുക്കത്തിൽ ജമ്മു കാശ്മീരിന്റെ പുനഃസംഘടന പാകിസ്ഥാനെയും ചൈനയെയും ഒരുപോലെ ഉന്നംവയ്ക്കുന്നു എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ചൈനയിൽ അംബാസഡറായിരുന്ന, ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജയശങ്കർ അവിടം സന്ദർശിച്ചിട്ടും കാശ്മീർ വിഷയം ചൈന ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചത്.
ചൈനയുടെ കാശ്മീർ നയം
1950 കളുടെ ആദ്യം ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്ന സമയത്ത് ഇന്ത്യ - പാക് വിഭജനത്തെ ചൈന അനുകൂലിച്ചിരുന്നില്ല. എന്നാൽ 1962 ലെ യുദ്ധത്തിന് ശേഷം ചൈന യു.എൻ നേതൃത്വത്തിൽ കാശ്മീരിൽ ഹിതപരിശോധന നടത്തുക എന്ന നിർദേശത്തെ അനുകൂലിച്ചിരുന്നു. എന്നാൽ , ടിബറ്ര് , സിൻ ജിയാൻ തുടങ്ങിയ ചൈനീസ് പ്രദേശങ്ങളിൽ ഹിതപരിശോധനാ ആവശ്യം ഉയരുമെന്ന് കണ്ട് , 1980 കളിൽ നിലപാടിൽ മാറ്രം വരുത്തി. കാശ്മീരിൽ തത്സ്ഥിതി തുടരണമെന്നും ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം ഉഭയകക്ഷി ചർച്ചകളിലൂടെ തീർക്കണമെന്നും ചൈന നിലപാടെടുത്തു. 1990 കളിൽ ഷിംല കരാർ പ്രകാരം പ്രശ്നം പരിഹരിക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. അതേസമയം 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാശ്മീരിലുള്ളവർക്ക് പ്രത്യേക വിസ നൽകുകയും പിന്നീടത് നിറുത്തി വയ്ക്കുകയും ചെയ്തു. കാശ്മീർ വിഷയത്തിൽ ചൈന പലഘട്ടങ്ങളിലും നിഷ്പക്ഷ നിലപാടാണെടുത്തത്. അതേസമയം പാകിസ്ഥാനുമായുള്ള പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യ പിന്തുണ നൽകുന്നുമുണ്ട്. എന്നാൽ കാശ്മീർ വിഷയത്തിൽ പരസ്യമായി ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് ആദ്യമായിട്ടാണ്.
ചൈനീസ് ഇരട്ടത്താപ്പ്
ചൈനയുടെ ഇപ്പോഴത്തെ കാശ്മീർ നിലപാട് തീർത്തും ഏകപക്ഷീയവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമാണ്. ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയ ചൈനയോട് ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല, അതുപോലെ മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന ഇന്ത്യൻ വിദേശകാര്യവക്താവിന്റെ പ്രതികരണത്തിന് ചൈന വില നൽകിയില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്ന ചൈനയുടെ പരമ്പരാഗത നിലപാടിന് വിരുദ്ധമാണിത്.
1965 ൽ ചൈന ടിബറ്റിനെ പുനഃസംഘടിപ്പിച്ചപ്പോൾ മറ്റ് രാജ്യങ്ങളുടെ എതിർപ്പിനെയും അഭിപ്രായപ്രകടനങ്ങളെയും തള്ളിക്കളയുകയാണ് ചെയ്തത്. സാമ്പത്തികവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായി ഒറ്റ പൈതൃകമായിരുന്ന ടിബറ്റ് ഇന്ന് ചൈനയിലെ വിവിധ സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഒരു ജനതയെ വെട്ടിമുറിച്ചതിന് തുല്യമാണത്. ഇവരാണ് ഇന്ന് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് ധർമ്മ പ്രഘോഷണം നടത്തുന്നത്. അതുപോലെ വിചിത്രമാണ് കൊളോണിയൽ ചരിത്രത്തിന്റെ ഭാരം പേറുന്ന ഹോംഗ് കോങ്ങിൽ നടക്കുന്ന പ്രക്ഷോഭത്തിൽ മറ്ര് രാജ്യങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കയിൽ ചൈനയ്ക്കുള്ള അസഹിഷ്ണുത. അതുപോലെ ചൈനയിലെ മുസ്ളിം പ്രദേശമായ ഉയ്ഗൂറിൽ പത്ത് ലക്ഷം പൗരന്മാരെയാണ് ക്രമസമാധാനത്തിന്റെ പേരിൽ ജയിലിലടച്ചിരിക്കുന്നത്. ഇവരുടെ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും കടുത്ത നിയന്ത്രണമാണ് ചൈന ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിലപാടുകളെടുക്കുന്ന ചൈനയാണ് കാശ്മീരിൽ ഏകപക്ഷീയമായ നിലപാടുകൾ എടുക്കരുതെന്ന് ഇന്ത്യയെ ഉപദേശിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്.
പ്രത്യാഘാതം
ജമ്മു കാശ്മീരിന്റെ പുനഃസംഘടനയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഇന്ത്യ- ചൈന ബന്ധത്തിലായിരിക്കും. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം സങ്കീർണമാക്കും. ചൈനയുടെ ഭാഗത്തു നിന്ന് കൂടുതൽ നുഴഞ്ഞു കയറ്റങ്ങൾ പ്രത്യേകിച്ചും കാശ്മീർ മേഖലയിൽ ഉണ്ടാകും. പാകിസ്ഥാൻ പരിശീലിപ്പിച്ച് വിടുന്ന തീവ്രവാദികൾക്കെതിരെ ചൈന കണ്ണടയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാകിസ്ഥാന് കൂടുതൽ സൈനിക സാമ്പത്തിക സഹായങ്ങൾ ചൈന നൽകും. കാശ്മീർ വിഷയം ഉന്നയിക്കുന്ന എല്ലാ അന്താരാഷ്ട്രവേദികളിലും പാകിസ്ഥാന് ചൈനയുടെ പിന്തുണ ഉറപ്പായിരിക്കും. ഇന്ത്യയുടെ മറ്റ് അയൽപ്പക്ക രാജ്യങ്ങളിൽ ചൈനീസ് സ്വാധീനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനും ചൈന ശ്രമിക്കും. കാശ്മീരിൽ എന്ത് നയം തുടരണമെന്ന് ധാരണയില്ലാതെ പരതുന്ന പാകിസ്ഥാൻ താലിബാനെയും ഐ.എസിനെയും അഫ്ഗാനിസ്ഥാനിലൂടെ കാശ്മീരിലേക്ക് അയയ്ക്കാൻ ശ്രമിക്കും.
മറനീക്കി പുറത്തുവന്നിട്ടുള്ള ഇന്ത്യാ വിരുദ്ധ, പാക് - ചൈനാ അച്ചുതണ്ടാണ് കാശ്മീരിലെ പുതിയ വെല്ലുവിളി. ആ വെല്ലുവിളി എത്രമാത്രം ഫലപ്രദമായി നേരിടും എന്നതിനെ ആശ്രയിച്ചാണ് കാശ്മീരിൽ സമാധാനവും വികസനവും സാദ്ധ്യമാവുക. കാശ്മീരിൽ ചൈനയ്ക്ക് എന്താണ് കാര്യം? അവിടം ഒരു സംഘർഷ മേഖലയാക്കി നിറുത്തുക എന്നതാണ് അവരുടെ താത്പര്യം.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)