ലക്‌നൗ: മുഗൾ രാജാവായിരുന്ന ബഹദൂർ ഷാ സഫറിന്റെ പിന്മുറക്കാരൻ എന്ന് അവകാശപ്പെടുന്നയാളാണ് ഹബീബുദീൻ ടുസി. അതുകൊണ്ടുതന്നെ അയോദ്ധ്യയിലെ തർക്കഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്നും ടുസി വാദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് 50 വയസുകാരനായ ഇദ്ദേഹം. 1529ൽ മുഗൾ ചക്രവർത്തി ബാബർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പിന്മുറക്കാരനായ തനിക്കാണ് ഈ സ്ഥലത്തിന് മേൽ അവകാശമുള്ളതെന്നും ടുസി വാദിക്കുന്നു.
എന്നാൽ ഈ ഭൂമി തനിക്ക് ലഭിച്ചാൽ താൻ അവിടെ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുമെന്നും ടുസി പറയുന്നുണ്ട്. ഒരിക്കൽ രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് ബാബറി മസ്ജിദ് പണികഴിപ്പിച്ചത് എന്ന വാദത്തെ താൻ അംഗീകരിക്കുന്നത് കൊണ്ടാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. തർക്കഭൂമിയിൽ അവകാശം ഉന്നയിക്കുന്ന ആരുടെ കൈയിലും തങ്ങൾക്കുള്ള അവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലെന്നും, എന്നാൽ ആ ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് കാണിക്കുന്ന രേഖ തന്റെ കൈയിൽ ഉണ്ടെന്നുമാണ് ടുസി അവകാശപ്പെടുന്നത്.
ഭൂമി രാമക്ഷേത്ര നിർമാണത്തിന് നൽകുന്ന കാര്യം താൻ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നും ഇദ്ദേഹം പറയുന്നു. മുൻപ് മൂന്നുതവണ ഇദ്ദേഹം ഈ ഭൂമി സന്ദർശിക്കുകയും ഇവിടുത്തെ താത്കാലിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. ഇതുകൂടാതെ, തന്റെ 'മുൻതലമുറക്കാർ' രാമക്ഷേത്രം തകർത്തതിന് ടുസി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. അയോദ്ധ്യയിലെ ക്ഷേത്രനിർമാണത്തിനായി സ്വർണം കൊണ്ടുള്ള ഇഷ്ടിക താൻ സംഭാവന ചെയ്യാമെന്നും ടുസി പറയുന്നുണ്ട്.