ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തീകൊളുത്തി. മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന സയീദ(22)യെയാണ് തീകൊളുത്തി കൊന്നത്. അഞ്ച് വയസുള്ള മകൾ നോക്കി നിൽക്കയാണ് യുവതിയെ തീകൊളുത്തിയത്. ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പൊലീസ് യുവതിയോട് അതേ വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. യു.പിയിലെ ശ്രാവസ്തി ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
യുവതിയെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ, ഭർത്താവിനൊപ്പം തുടരാനും ആഗസ്റ്റ് 15 ന് ഇരുവരോടും സ്‌റ്റേഷനിൽ ഹാജരാക്കാനും പൊലീസ് പറയുകയായിരുന്നു. എന്നാൽ, തന്റെ വീട്ടിൽ ഇനി തുടരാൻ ഭാര്യയെ അനുവദിക്കില്ലെന്നും വീട് വിട്ട് പോകണമെന്നും യുവാവ് യുവതിയോട് ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.
എന്നാൽ, യുവതി അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സയീദയെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.