വാഷിംഗ്ടൺ : കാശ്മീരിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടേതടക്കം പിന്തുണ സമ്മർദ്ദത്തിലൂടെ സ്വന്തമാക്കാൻ അഫ്ഗാൻ വിഷയത്തെ കാശ്മീരുമായി കൂട്ടിക്കെട്ടിയുള്ള പാക് ശ്രമത്തിനെയാണ് അഫ്ഗാനിസ്ഥാൻ നിശിതമായി വിമർശിച്ചിരിക്കുന്നത്. കാശ്മീരിൽ നടക്കുന്ന സംഘർഷങ്ങൾ ബാധിക്കുന്നത് അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളെയായിരിക്കുമെന്ന് അമേരിക്കയിലെ പാക് സ്ഥാനപതി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് അതേ നാണയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ അഫ്ഗാൻ സ്ഥാനപതിയായ റോയ റഹ്മാനി.
കാശ്മീരിൽ സംഭവിക്കുന്നത് ഇന്ത്യയും പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പ്രശ്നമാണ്. അതിനെ പർവ്വതീകരിച്ച് അന്താരാഷ്ട്ര വിഷയമാക്കാനായി അഫ്ഗാനിസ്ഥാനെ ഇതിലേക്ക് വലിച്ചിടാനുള്ള പാക് നീക്കം മനപൂർവ്വമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്ന അവസരത്തിൽ അഫ്ഗാനുമായുള്ള അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കേണ്ടി വരുമെന്നാണ് പാക് പ്രതിനിധി പ്രസ്താവിച്ചത്. ഈ സൈനിക നീക്കം അഫ്ഗാനിലെ സമാധാനനീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാന് സുരക്ഷ ഭീഷണിയില്ലെന്നും എന്നാൽ പാകിസ്ഥാന്റെ പിന്തുണയോടെ അവിടെ നിന്നും എത്തുന്ന തീവ്രവാദി സംഘടനയാണ് തങ്ങൾക്ക് ഭീഷണിയെന്നും അഫ്ഗാൻ പ്രതിനിധി തുറന്നടിച്ചു. വെറും പ്രസ്താവനയല്ല തീവ്രവാദികൾക്കെതിരെ നടപടികളാണ് ആവശ്യമെന്നും റോയ റഹ്മാനി പ്രസ്താവനയിലൂടെ ആരോപിക്കുന്നു. പാകിസ്ഥാൻ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന ഇന്ത്യയുടെ വാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.