1. എറണാകുളം ലാത്തിച്ചാര്‍ജ് സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങി സി.പി.ഐ. ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് കത്തില്‍ ആവശ്യപ്പെടും. സി.പി.ഐ ജില്ലാ കമ്മിറ്റി ആണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക. എസ്.ഐ വിപിന്‍ദാസിനെ മാത്രം സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തി അറിയിക്കും.
2. ലാത്തിച്ചാര്‍ജില്‍ വീഴ്ച വരുത്തിയ എസ്.ഐ വിപിന്‍ ദാസിന് എതിരായ നടപടിയില്‍ ഭാഗീകമായ തൃപ്തി മാത്രം ആണ് ഉള്ളത് എന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സി.ഐ യ്ക്ക് എതിരെ നടപടി വേണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും എന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഇന്നലെ പറഞ്ഞിരുന്നു. ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കും എന്ന് എം.എല്‍.എ എല്‍ദോ എബ്രഹാമും പ്രതികരിച്ചിരുന്നു.
3. പി.എസ്.സി തട്ടിപ്പിലെ പ്രതികളായ മുന്‍ എസ്.എസ്.ഐ നേതാക്കളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആര്‍. ശിവരഞ്ജിത്തിനെയും എ.എന്‍ നസീമിനെയും ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്യുന്നത്. പരീക്ഷാ ക്രമക്കേടില്‍ സഹായിച്ച പൊലീസുകാരന്‍ ഉള്‍പ്പെടെ ഒളിവിലാണ്. പി.എസ്.സി പരീക്ഷ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് എസ്.എം.എസ് മുഖേന ഉത്തരം അയച്ച പ്രതി പട്ടികയിലെ പൊലീസുകാരനും ഉള്‍പ്പെടെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകളും കണ്ടെത്താന്‍ ആയില്ല.
4. ഗൂഡാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി ആണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
5. ശ്രീറാം കേസില്‍ പൊലീസിന് എതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പൊലീസിന്റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംഘടന പരാതി നല്‍കും. ശ്രീരാമിന്റെ രക്തപരിശോധന ആവശ്യപ്പെട്ടെന്ന പൊലീസിന്റെ വാദം കെ.ജി.എം.ഒ.എ തള്ളി. പൊലീസ് ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രം. എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്ത പരിശോധന നടത്തി ഇല്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
6. അതേസമയം, മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കുന്നതിലെ കാലതാമസം പരിശോധിക്കും എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ശ്രീറാമിന്റെയും വഫയുടേയും ലൈസന്‍സ് ഇന്ന് റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് പുറപ്പെടുവിച്ച ശേഷം 15 ദിവസം കഴിയേണ്ടത് ഉണ്ട് എന്നും സാങ്കേതിക തടസ്സമാണ് നടപടി വൈകിയതിന് കാരണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. രണ്ട് പേര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അമിത വേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും വഫയ്ക്ക് എതിരെ ഉള്ളത്, 3 നോട്ടീസുകള്‍ ആണ്. 15 ദിവസം കഴിഞ്ഞിട്ടും ഇരുവരും നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല.
7. സാലറി ചലഞ്ച് വഴി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെ.എസ്.ഇ.ബി. ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ കെ.എസ്.ഇ.ബിയില്‍ നടന്നത് വന്‍ തിരിമറി.സാലറി ചലഞ്ച് നടത്തി ജീവനക്കാരെ പറ്റിച്ചു എന്നും ആരോപണം. അതേസമയം, ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി. ചെയര്‍മാന്‍ രംഗത്ത് എത്തി. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് പണം കൈമാറാതിരുന്നത് എന്ന് ചെയര്‍മാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.