ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അപായപ്പെടുത്തുമെന്ന സന്ദേശത്തെ തുടർന്ന് ടീമിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസിലാണ് ആഗസ്‌റ്റ് 16ന് ഇന്ത്യൻ താരങ്ങളെ വധിക്കുമെന്ന രീതിയിലുള്ള സന്ദേശമെത്തിയത്. ഇന്ത്യൻ ടീമിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും താരങ്ങളുടെ ജീവൻ അപകടത്തിൽ എന്നുമായിരുന്നു സന്ദേശം. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും വിവരമറിയിച്ച പാക് ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ പരിശോധന നടത്താൻ നിർദ്ദേശിച്ചു. എന്നാൽ ഇത്തരമൊരു സന്ദേശം വ്യാജമാകാനാണ് സാധ്യതെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. എന്നാൽ മുൻകരുതൽ എന്ന നിലയിലാണ് ഇപ്പോൾ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നുള്ള വിവരം ലഭിച്ചയുടൻ തന്നെ ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ വെസ്‌റ്റ് ഇൻഡീസുമായുള്ള പരമ്പരയ്‌ക്ക് വേണ്ടി ആന്റിഗ്വയിലാണ് ഇന്ത്യൻ ടീമുള്ളത്. കാര്യങ്ങളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആന്റിഗ്വ സർക്കാരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെട്ടതായും ബി.സി.സി.ഐ അറിയിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ ഭാഗമായി ട്വന്റി20, ഏകദിന പരമ്പരകൾ പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയാണു ബാക്കിയുള്ളത്.