poster

ചെന്നൈ : കുടുംബാംഗങ്ങളോട് ചോദിക്കാതെയും അനുവാദം കൂടാതെയോ പ്രവർത്തിക്കുന്നവരെ പടിയടച്ചു പിണ്ഡംവയ്ക്കുന്ന രീതിയെ കുറിച്ചു കേട്ടിട്ടുള്ളവർ തമിഴ്നാട്ടിലെ ഈ അമ്മചെയ്തത് അറിയണം. അയൽവാസിയായ യുവാവിനൊപ്പം പോയ മകളുടെ പേരിൽ നാടുമുഴുവൻ ചരമ പോസ്റ്റർ ഒട്ടിക്കുകയാണ് ഈ മാതാവ് ചെയ്തത്. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് ഈ സംഭവമുണ്ടായത്, വീട്ടമ്മയായ അമരാവതിയാണ് അയൽവാസിക്കൊപ്പം ഒളിച്ചോടിയ പത്തൊൻപത് വയസുള്ള മകൾ മരിച്ചുപോയെന്ന് കാട്ടി നാടാകെ പോസ്റ്റർ ഒട്ടിച്ചത്.

നാല് വർഷങ്ങൾക്കു മുൻപ് അമരാവതിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു, അതിന് ശേഷം കഷ്ടപ്പെട്ടാണ് മൂന്ന് പെൺകുട്ടികളുടെ അമ്മയായ ഇവർ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ തന്റെ കഷ്ടപ്പാടിന് പുല്ലുവില കൽപ്പിച്ച് മകൾ അയൽവാസിക്കൊപ്പം പോയതോടെയാണ് അമ്മ പ്രതികാരത്തിന് വ്യത്യസ്തമായ വഴിതേടിയത്. നൂറോളം പോസ്റ്ററാണ് മകൾക്കെതിരെ നാടാകെ ഒട്ടിച്ചിരിക്കുന്നത്. എന്നാൽ ആളെ വച്ചാണ് അമരാവതി ഇതു ചെയ്തതെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം വന്ന് മകൾ മരണപ്പെട്ടതായിട്ടാണ് പോസ്റ്ററിൽ ഫോട്ടോയ്‌ക്കൊപ്പം എഴുതി ചേർത്തിരിക്കുന്നത്. അതേ സമയം മകൾ ഒളിച്ചോടിയത് മുൻപ് വിവാഹിതനായ യുവാവിനൊപ്പമാണെന്നും അതിനാലാണ് വിവാഹത്തെ എതിർത്തതെന്നും അമരാവതി പറയുന്നു.