kerala-floods

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി പരിശോധിക്കാൻ കേന്ദ്രസർക്കാരിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘം കേരളത്തിലെത്തും. സംഘത്തിന്റെ പരിശോധനയ്‌ക്ക് ശേഷമായിരിക്കും സംസ്ഥാനത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടെടുക്കുക. എന്നാൽ എന്നാണ് കേന്ദ്രസംഘം പരിശോധനയ്‌ക്ക് എത്തുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, വീണ്ടും പ്രളയമുണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വായ്‌പ തിരിച്ചടവ് സംബന്ധിച്ച് പ്രഖ്യാപിച്ച മെറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2018ൽ പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു സാമ്പത്തിക വർഷം കൂടി നീട്ടണമെന്നാണ് ആവശ്യം. കാർഷിക കാർഷികേതര വായ്‌പകൾ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നബാർഡിൽ നിന്നും ആയിരം കോടി രൂപ വായ്‌പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.