isro

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഐ.എസ്.ആർ.ഒയുടെ അഞ്ച് റോക്കറ്റുകൾ സ്വകാര്യ കമ്പനികൾ നിർമിക്കുമെന്ന് സൂചന. ഇതിനായി സ്വകാര്യ കമ്പനികൾക്ക് താത്പ്പര്യം പ്രകടിപ്പിക്കാനുള്ള(എക്സ്പ്രഷൻ ഒഫ് ഇന്ററസ്റ്റ്) ഉത്തരവ് ഐ.എസ്.ആർ.ഒ പുറത്തിറക്കി. പി.എസ്.എൽ.വി വിഭാഗത്തിൽ പെട്ട റോക്കറ്റുകൾ നിർമിക്കാനുള്ള ക്ഷണമാണ് സ്വകാര്യ കമ്പനികൾക്ക് ലഭിച്ചിരിക്കുന്നത്.

'നിലവിൽ ഞങ്ങൾ ഇ.ഒ.യു പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വിദേശ കമ്പനികൾക്കും ഞങ്ങൾ ഈ ടെൻഡർ നൽകില്ല. ഏതാനും മാസങ്ങളായി ഐ.എസ്.ആർ.ഒ ഇക്കാര്യം ചർച്ച ചെയ്യുകയാണ്. ഈ തീരുമാനം കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ തീർച്ചയായും സഹായിക്കും എന്നും ഞങ്ങൾ കരുതുന്നു.' ഐ.എസ്.ആർ.ഒ തലവൻ കെ.ശിവൻ പറഞ്ഞു. അഞ്ച് പി.എസ്.എൽ.വി റോക്കറ്റുകൾ നിർമിക്കുന്ന ഈ കരാറിന് 1000 കോടി രൂപ ചെലവ് വരുമെന്നാണ് ഐ.എസ്.ആർ.ഒ കണക്കുകൂട്ടുന്നത്.

പുതുതായി രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് ഈ കരാറുകൾക്ക് മേൽനോട്ടം വഹിക്കുക. ഈ പദ്ധതി ഏറ്റെടുക്കാൻ ഐ.എസ്.ആർ.ഒ ഇതര കമ്പനികൾ സന്നദ്ധത അറിയിച്ചതായാണ് വിവരം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്, എൽ ആൻഡ് ടി(ലാർസൺ ആൻഡ് ടൂബ്രോ) എന്നീ കമ്പനികൾ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട് എന്നും വിവരമുണ്ട്. പി.എസ്.എൽ.വി നിർമാണത്തിൽ ഈ കമ്പനികൾ കാര്യമായ പങ്ക് വഹിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.