ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ വിചാരിച്ചു, 'ഇത് സംഭവിക്കുകയാണെങ്കിൽ, എന്റെ ജീവിതം പൂർണമാകുമെന്ന്.' 'എനിക്ക് ഈ കളിപ്പാട്ടം കിട്ടിയാൽ എന്റെ ജീവിതം പൂർണമാകും' എന്ന് ബാല്യത്തിൽ നിങ്ങൾ ചിന്തിച്ചു. അത് ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം നിങ്ങളത് ചവറു കൂനയിൽ എറിഞ്ഞു. ജീവിതം പൂർണത നേടിയില്ല. വിദ്യാഭ്യാസകാലത്ത് പരീക്ഷയിൽ ജയിച്ചാൽ ജീവിതം പൂർണമാകുമെന്ന് കരുതി. പരീക്ഷയിൽ വിജയിച്ചെങ്കിലും, ഒന്നും സംഭവിച്ചില്ല. പിന്നീട് വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ ജീവിതം പൂർണമാകുമെന്ന് കരുതി. അതും സംഭവിച്ചു. അതുകഴിഞ്ഞുള്ള ചിന്ത ഇങ്ങനെയാണ്, 'സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നില്ലെങ്കിൽ ഈ വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്താണ് "? അതും സംഭവിച്ചു. മൂന്നുമാസത്തിനുശേഷം നിങ്ങൾ ചിന്തിക്കാൻ തുടങ്ങി, ഒരു കഴുതയെപ്പോലെ ജോലി ചെയ്യുന്നതിന്റെ പ്രയോജനമെന്താണ് ? ഇഷ്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിച്ചാൽ, ജീവിതം പൂർണമാകും എന്നായി അടുത്ത ചിന്ത. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം!
ഏതു പ്രവൃത്തി ചെയ്തിട്ടും ജീവിതത്തിന് ഫലപ്രാപ്തി ഉണ്ടായില്ല. നിങ്ങൾക്ക് ചെയ്യാവുന്ന പ്രവൃത്തികളാൽ ഫലപ്രാപ്തി നേടാനാകില്ല. ദയവായി ശ്രദ്ധിക്കൂ, എന്തുകൊണ്ടാണ് നിങ്ങൾ ഒന്നിനു പിറകെ ഒന്നായി പ്രവൃത്തികൾ ചെയ്യുന്നത്? പൂർണതയ്ക്ക് വേണ്ടി. അമിതമായി പ്രവർത്തിക്കുന്ന ആളുകളോട് എന്തുകൊണ്ടാണ് ഇത്രയെല്ലാം ചെയ്യുന്നതെന്ന് ചോദിച്ചാൽ, അവർ പറയും, 'എന്തു ചെയ്യാം? ഭക്ഷണം, ഭാര്യ, കുട്ടികൾ ഇതൊക്കെ ആര് നോക്കും?"സത്യമെന്തെന്നാൽ, നിങ്ങൾ അവർക്കായി എല്ലാ ആവശ്യങ്ങളും നിറവേറ്റിയാലും, ആ വ്യക്തിക്ക് ഒരു ദിവസം പോലും വെറുതെ ഇരിക്കാനാവില്ല. മൂന്ന് മണിക്കൂർ പോലും വെറുതെ ഇരിക്കാൻ കഴിയില്ല! അയാൾക്ക് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. നിങ്ങൾ ആന്തരികമായി ഫലപ്രാപ്തി നേടിയിട്ടില്ലാത്തതിനാലും, പ്രവൃത്തികളിലൂടെ നിങ്ങളത് ചെയ്യാൻ ശ്രമിക്കുന്നതിനാലുമാണ് അത്. നിങ്ങൾ പ്രവൃത്തിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിനോ സുഖസൗകര്യങ്ങൾക്കോ വേണ്ടിയല്ല; അവയെല്ലാം പൂർണത അന്വേഷിക്കുകയാണ്. അവബോധത്തോടെയോ അല്ലാതെയോ ആണ് സംഭവിക്കുന്നതെങ്കിലും, ഈ പ്രവൃത്തികൾ അതിരുകളില്ലാത്ത തെരയലിനെ സൂചിപ്പിക്കുന്നു.
ആന്തരികമായി പൂർണമായാൽ മാത്രമേ നിങ്ങളുടെ ജീവിതം സഫലമാകുകയുള്ളൂ. ആന്തരികമായി നിങ്ങൾക്ക് തൃപ്തി ഉണ്ടാകാൻ, ഒരു പ്രവൃത്തിയുടെയും ആവശ്യമില്ല. ബാഹ്യമായി ചിലത് ചെയ്യേണ്ടി വന്നാലും, നിങ്ങൾക്കത് സന്തോഷത്തോടെ ചെയ്യാം. അതിന്റെ ആവശ്യമില്ലെങ്കിൽ, നിങ്ങൾക്ക് കണ്ണുകളടച്ച് ഇരിക്കാം. ഒന്നും ചെയ്യേണ്ടതില്ലാത്ത ഒരു അവസ്ഥയിലേക്ക് ഒരു വ്യക്തി എത്തിച്ചേരുമ്പോൾ, ആ വ്യക്തി അതിരുകളില്ലാത്തവനായെന്ന് പറയാം. അതിനർത്ഥം ആ വ്യക്തി ഒരു ജോലിയും ചെയ്യുന്നില്ല എന്നല്ല. ബാഹ്യ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ, അയാൾക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കാൻ കഴിയും. എന്നാൽ അദ്ദേഹത്തിന്റെ ആന്തരിക സ്വഭാവത്തിന് പ്രവൃത്തിയുടെ ആവശ്യമില്ല. അദ്ദേഹം പ്രവൃത്തിയാൽ ബന്ധിതനല്ല. പ്രവൃത്തികളില്ലാതെ പോലും അദ്ദേഹം സ്വസ്ഥനാണ്.