bike

ഇന്ത്യയിൽ ഇനി ഇലക്ട്രിക് വണ്ടികളുടെ കാലമാണെന്നാണ് വാഹനരംഗത്തെ സംസാര വിഷയം. കേന്ദ്രസർക്കാർ ബഡ്‌ജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ വാഹന നിർമാതാക്കൾക്കും ആവേശമാണ്. നിലവിൽ ഉത്പാദിപ്പിക്കുന്ന പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനുള്ള ഗവേഷണത്തിലാണ് മിക്ക വാഹന കമ്പനികളും. എൻട്രി ലെവൽ മുതൽ സൂപ്പർ കാർ വരെയുള്ള വാഹനങ്ങളിൽ ഇലക്ട്രിക് സാങ്കേതിക വിദ്യ വിവിധ കമ്പനികൾ പ്രയോഗിച്ചുകഴിഞ്ഞു. പറഞ്ഞുവരുന്നത് വേറൊന്നുമല്ല, ഇന്ത്യൻ യുവത്വത്തിന്റെ ഹരമായി മാറിയ കെ.ടി.എം ഇന്ത്യയിൽ ഇലക്ട്രിക് സ്പോർട്സ് ബൈക്കുകൾ ഇറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ബജാജ് മോട്ടോർസുമായി ചേർന്ന് നടത്തുന്ന ഗവേഷണം അന്തിമ ഘട്ടത്തിലാണ്.

ആസ്ട്രേലിയൻ കമ്പനിയായ കെ.ടി.എമ്മുമായി ചേർന്ന് ഹൈ എൻഡ് ഇലക്ട്രിക് ബൈക്കുകൾ നിർമിക്കുന്ന കാര്യം ബജാജ് ആട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാകേഷ് ശർമയാണ് വ്യക്തമാക്കിയത്. നിലവിൽ ഡോമിനർ 400ആണ് ബജാജിന്റെ ഹൈ എൻഡ് വിഭാഗത്തിൽ പെടുന്ന ബൈക്ക്. ഈ വാഹനത്തിലാണോ അതോ കെ.ടി.എമ്മിന്റെ ഏതെങ്കിലും മോഡലുകളിലാണോ ഇല‌ക്ട്രിക് പരീക്ഷണം നടത്തുകയെന്ന് വ്യക്തമല്ല. രണ്ട് കമ്പനികളും വ്യത്യസ്ത മോഡലുകൾ പുറത്തിറക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇതിൽ ബജാജിന്റെ വണ്ടികളായിരിക്കും പോക്കറ്റിനിണങ്ങുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു തവണ ചാർജ് ചെയ്‌താൽ 200 കിലോമീറ്ററെങ്കിലും സഞ്ചരിക്കാൻ കഴിയുന്ന രീതിയിലുള്ള മോഡലുകളാവും ഇവർ രംഗത്തിറക്കുക എന്നാണ് കരുതുന്നത്.

ഇതുകൂടാതെ ഇലക്‌ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്കും ഉടൻ തന്നെ ബജാജ് തങ്ങളുടെ ഒരു മോഡലിനെ രംഗത്തിറക്കുമെന്നാണ് വിവരം. ഈ മോഡൽ ഇന്ത്യയിൽ പലയിടത്തും പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അടുത്ത വർഷം വാഹനം വിപണിയിൽ എത്തുമെന്നാണ് വിവരം.