മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവോണിലുള്ള ഒരു ആശുപത്രി മരണപ്പെട്ട രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. മൃതശരീരത്തിന് ജീവൻ വയ്പ്പിക്കാനും ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ ആശുപത്രി മൃതദേഹങ്ങൾ ഇപ്പോഴും സൂക്ഷിച്ച് വച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കല്ലുപ്പിലാണ് ആശുപത്രി അധികൃതർ ഈ ശരീരങ്ങൾ കാത്തുസൂക്ഷിക്കുന്നത്. ആശുപത്രിയിൽ ജഡങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു.
ഒരു ക്വിന്റലിൽ കൂടുതൽ വരുന്ന കല്ലുപ്പിലാണ് ഇവർ മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത്. ജൽഗാവോണിലെ മാസ്റ്റർ കോളനിയിൽ വച്ച് സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ച കൗമാരക്കാരുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ മരണപ്പെടുന്നത്. കൗതുകകരമായ കാര്യം എന്തെന്ന് വച്ചാൽ മരണപ്പെട്ട അന്ന് രാത്രിതന്നെ ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇതിന് ശേഷം ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മരിച്ച കുട്ടികളുടെ മരണാനന്തര കർമങ്ങളും വീട്ടുകാർ നടത്തിയിരുന്നു. വിവരം അറിഞ്ഞ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട പൊലീസിനും തൃപ്തികരമായ ഉത്തരമല്ല ലഭിച്ചത്. എന്നാൽ മൃതദേഹങ്ങൾ ആശുപത്രിയുടെ കൈവശം ആയതിനാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല എന്നാണ് ആശുപത്രി ഡീൻ തങ്ങളോട് പറഞ്ഞതെന്ന് മഹാരാഷ്ട്ര പൊലീസിലെ ഇൻസ്‌പെക്ടർ രഞ്ജീത് ശിർഷാത് പറഞ്ഞു.