porkkali-devi

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷുകാരെ വിറപ്പിച്ച വീരയോദ്ധവാണ് കേരളവർമ്മ പഴശ്ശിരാജ. തന്റെ അവസാന ശ്വാസം വരെയും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ പഴശ്ശി ഒടുവിൽ വീരചരമം പ്രാപിക്കുകയായിരുന്നു. എന്നാൽ പഴശ്ശിരാജ പൂജിച്ചിരുന്ന ഉപാസനാ മൂർത്തിയുടെ ചൈതന്യം ചതിപ്രയോഗത്താൽ തകർത്തതുകൊണ്ടാണ് ശത്രുക്കൾക്ക് അദ്ദേഹത്തെ വധിക്കാൻ സാധിച്ചത് എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്.

കണ്ണൂരിലെ പ്രശസ്‌തമായ ശ്രീ മൃദംഗശൈലേശ്വരീ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന പോർക്കിലിദേവിയായിരുന്നു പഴശ്ശിയുടെ പരദേവത. പഴശ്ശിയുടെ പടിഞ്ഞാറേ കോവിലകവും ഇവിടെ തന്നെയായിരുന്നു. കോവിലകത്തെ നിലവറിയിലെ പൂജാമുറിയിൽ മൃദംഗ ശൈലേശ്വരീ ദേവിയെ പോരിൽകാളിയായ പോർക്കലീ ദേവീ ഭാവത്തിൽ ആയിരുന്നു വീരപഴശ്ശി ആരാധിച്ചിരുന്നത്. പൂജയിൽ പ്രസാദിക്കുന്ന പോർക്കിലി ദേവീ പഴശ്ശിയുടെ ഉടവാളിൽ ചൈതന്യ ശക്തിയായി നിലകൊണ്ടിരുന്നു. തന്റെ ഭക്തനെ കാത്ത് രക്ഷിക്കാനായി യുദ്ധമുഖങ്ങളിൽ രക്ഷാകവചമായി ദേവീ നിലകൊണ്ടത്രേ. ബ്രിട്ടീഷ് സൈന്യം എത്ര ശ്രമിച്ചിട്ടും പഴശ്ശിയെ തോൽപ്പിക്കാൻ കഴിയാതിരുന്നതും അതു കൊണ്ടായിരുന്നു.

porkkali-devi-temp

പഴശ്ശിയുടെ കോവിലകത്തെ ശ്രീപോർക്കിലീ സ്ഥാനത്തുള്ള നിലവറയിലെ ഗൂഡപൂജയും, ശ്രീചക്ര ഉപാസനയുമാണ് പഴശ്ശിയുടെ രക്ഷാകവചം എന്ന് മനസിലാക്കിയ ബ്രിട്ടിഷ് സൈന്യം ബന്ധുക്കളായ ശത്രുക്കളെ കൊണ്ട് ശ്രീപോർക്കലീ ഉപാസന മുടക്കുകയും, ശ്രീചക്രം മാറ്റി ചൈതന്യ ലോപം വരുത്തുകയും ചെയ്‌തതിന് ശേഷം മാത്രമമാണ് പഴശ്ശിയെ യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിഞ്ഞത്.

സർവകല പ്രദായിനിയായ മൃദംഗശൈലേശ്വരി

വളരെക്കാലം കണ്ണിലെ കൃഷ്ണമണി പോലെ ഒരു രാജവംശത്തെ കാത്തുരക്ഷിച്ച ശക്തിയാണ് മൃദംഗശൈലേശ്വരീദേവീ. കണ്ണൂർ ജില്ലയിലെ തലശേരി മുഴക്കുന്നത്തുള്ള ഈ ദുർഗ്ഗാക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണ്.രണ്ട് ഭാവത്തിലാണ് ദേവീ സങ്കൽപം. മൃദംഗശൈലേശ്വരിയും ശ്രീപോർക്കിലിയും. കലാവാസനകൾ വളരാനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.

mridangasaileswari

പഞ്ചലോഹ നിർമ്മിതമായ ഇവിടുത്തെ വിഗ്രഹത്തിന് വളരെ ശക്തിയാണ് ഉള്ളത്. ഇവിടെ അഭിഷേകം ചെയ്ത തീർഥം കുടിച്ചാൽ മാറാരോഗങ്ങൾ വരെ മാറും എന്ന് പറയപ്പെടുന്നു. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാൻ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. ദേവിയുടെ ഉപദേവൻമാരായി മഹാഗണപതിയും ദക്ഷിണാമൂർത്തിയും അമൃതകലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്. നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ ഉത്സവങ്ങൾ. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.