an

 വിമാനത്തിലുണ്ടായിരുന്നത് മലയാളി സൈനികരുൾപ്പെടെ 102 പേർ

ഷിംല: മലയാളി സൈനികർ ഉൾപ്പെടെ 102 പേരുമായി 51 വർഷങ്ങൾക്കു മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാചൽപ്രദേശിലെ ലഹോൾ സ്‌പിതി ജില്ലയിലെ ധാക്കാ മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി.

എ.എൻ 12ബി.എൽ 534 എന്ന വിമാനത്തിന്റെ എയ്റോ എൻജിൻ, ഫൂസ്‌ലാർജ്, ഇലക്ട്രിക് സർക്യൂട്ട്, പ്രൊപ്പല്ലർ, ഇന്ധനടാങ്ക് യൂണിറ്റ്, എയർ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതിൽ എന്നിവയാണ് 13 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ ജൂലായ് 26ന് തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ധാക്ക ഗ്ലേസിയറിൽ 5240 മീറ്റർ ഉയരത്തിൽ നിന്നാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യാത്രികരുടെ ചില വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശത്രുരാജ്യത്തായിരിക്കാം വിമാനം തകർന്നുവീണതെന്നും യാത്രികരെ ബന്ദികളാക്കിയിരിക്കാമെന്നും ആദ്യഘട്ടത്തിൽ വാർത്തകൾ പരന്നിരുന്നു. 2003ൽ ധാക്ക ഗ്ലേസിയറിന് സമീപം വിമാനാവശിഷ്ടങ്ങളും സൈനികരിൽ ഒരാളുടെ തിരിച്ചറിയിൽ രേഖയും ലഭിച്ചതോടെയാണ് അത്തരം ഊഹാപോഹങ്ങൾക്ക് വിരാമമായത്. കോട്ടയം സ്വദേശി രാജപ്പനടക്കം വിമാനത്തിൽ മലയാളികളുമുണ്ടായിരുന്നെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

 കാലാവസ്ഥ ചതിച്ചു

98 സൈനികരും നാല് ജീവനക്കാരുമുൾപ്പെടെ 102 യാത്രക്കാരുമായി ചണ്ഡിഗഢിൽ നിന്നു ലേയിലേക്കു പതിവു നിരീക്ഷണപ്പറക്കലിനു പുറപ്പെട്ട വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കുളുവിലെ റോത്തംഗ് പാസിൽ കാണാതായത്. മോശം കാലാവസ്ഥയെത്തുടർന്ന് തിരികെ പറക്കുന്നതിനിടയിലാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. വിമാനാവശിഷ്ടങ്ങൾക്കായും കാണാതായ സൈനികരുടെ മൃതദേഹങ്ങൾക്കായും അന്ന് മുതൽ പല ഘട്ടങ്ങളിലായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇതുവരെ അഞ്ച് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. തുടർച്ചയായ ഹിമപാതത്തെ തുടർന്ന് ഈ ഭാഗങ്ങൾ മഞ്ഞിനടിയിൽ കുടുങ്ങിപ്പോയിട്ടുണ്ട്.

3 തവണ, 5 മൃതദേഹങ്ങൾ

 2003ൽ ചന്ദ്രഭംഗ കൊടുമുടി പ്രദേശത്ത് പർവതാരോഹകരുടെ സംഘം സിപോയ് ബെലി റാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

 2007 ആഗസ്റ്റ് 9ന് സേന നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി.

 2018 ജൂലായ് ഒന്നിന് വെസ്‌റ്റേൺ കമാൻഡിലെ ദോഗ്ര സ്‌കൗട്ട്‌സിന്റെ നേതൃത്വത്തിൽ സൈന്യത്തിന്റെ പർവതാരോഹക സംഘം നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.